മനുഷ്യസ്നേഹിയായ;  അത്രയും പ്രകൃതി സ്നേഹി കൂടിയായ ബഷീറിന്‍റെ 'ഒരു മനുഷ്യ'ന് ദൃശ്യാവിഷ്കാരം. സംവിധായകനും അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും എല്ലാം വിദ്യാര്‍ത്ഥികള്‍ തന്നെ. 

തിരുവനന്തപുരം:പാഠപുസ്തകത്തിലെ ബഷീറിന്‍റെ ചെറുകഥ ഹ്രസ്വചിത്രമാക്കി തിരുവനന്തപുരം പട്ടം സെന്‍റ്മേരീസ് സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍.ഏഴാം ക്ലാസിലെ 24 വിദ്യാര്‍ത്ഥികളാണ് ഹ്രസ്വചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍. വൈക്കം മുഹമ്മദ് ബഷീറിന്‍റെ നൂറ്റിപ്പതിനൊന്നാം ജന്മദിനത്തോടനുബന്ധിച്ചാണ്ചിത്രം ഒരുക്കിയത്.

ബേപ്പൂരിന്‍റെ കഥാകാരന്‍റെ വീടും മാംഗോസ്റ്റിന്‍ മരവും ചാരുകസേരയും ചിത്രത്തില്‍ കാണാം. കാലഘട്ടത്തെ അതിജീവിച്ച ബഷീറിന്‍റെ 'ഒരു മനുഷ്യന്‍' എന്ന ചെറുകഥയ്ക്കാണ് കുട്ടികള്‍ ദൃശ്യാവിഷ്കാരമൊരുക്കിയത്. 18 മിനിട്ടാണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം.

സംവിധായകനും അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും എല്ലാം വിദ്യാര്‍ത്ഥികള്‍ തന്നെ. വായിച്ച് പഠിക്കുന്നതിലും എളുപ്പം അഭിനയിച്ച് പഠിക്കുന്നതാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. പഠനത്തിനപ്പുറം കുട്ടികളില്‍ പരിസ്ഥിതി ബോധവും സാഹിത്യബോധവും വളര്‍ത്തിയെടുക്കാനാകുമെന്ന് അധ്യാപകർ പറയുന്നു.