സർക്കാരിന് നീതി നൽകണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ ഇപ്പോള്‍ ചെയ്യാമായിരുന്നുവെന്ന് ഹർഷിന പറഞ്ഞു. എത്രകാലം തെരുവിൽ നിന്നാലാണ് നീതി ലഭിക്കുക. ആരോഗ്യമന്ത്രി കൂടെയുണ്ടെന്ന് പറയുകയല്ലാതെ ഒന്നും ചെയ്യുന്നില്ലെന്നും ഹർഷിന പ്രതികരിച്ചു.

വയനാട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കോഴിക്കോട് സ്വദേശി കെ കെ ഹർഷിന നീതിക്കായി പോരാട്ടം കടുപ്പിക്കുകയാണ്. വയനാട്ടിലെത്തിയെ എംപി രാഹുൽ ഗാന്ധിയെ നേരിട്ട് കണ്ട് ഹർഷിന തന്‍റെ ദുരിതം പറഞ്ഞു. സർക്കാരിന് നീതി നൽകണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ ഇപ്പോള്‍ ചെയ്യാമായിരുന്നുവെന്ന് ഹർഷിന മാധ്യമങ്ങളോട് പറഞ്ഞു. എത്രകാലം തെരുവിൽ നിന്നാലാണ് നീതി ലഭിക്കുക എന്നാണ് ഹർഷിന ചോദിക്കുന്നത്. ആരോഗ്യമന്ത്രി കൂടെയുണ്ടെന്ന് പറയുകയല്ലാതെ ഒന്നും ചെയ്യുന്നില്ലെന്നും ഹർഷിന പ്രതികരിച്ചു.

സംഭവത്തിൽ ജില്ലാ മെഡിക്കൽ ബോർഡിനെതിരെ ഹർഷിന കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. മെഡിക്കൽ ബോർഡിൽ അട്ടിമറി നടന്നെന്നാണ് ഹർഷിനയുടെ ആരോപണം. ഈ മാസം 16ന് ഹർഷിന സെക്രട്ടേറിയറ്റിന് മുന്നിൽ ഏകദിന ധർണ സമരവും നടത്തും. സംഭവത്തിൽ പൊലീസ് സംസ്ഥാന മെഡിക്കൽ ബോർഡിന് തിങ്കളാഴ്‍ച അപ്പീൽ നൽകും. കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകും വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ഹർഷിന പറയുന്നത്.