കോട്ടയം ഉദയനാപുരത്ത് നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ വയോധിക മരിച്ചു

കോട്ടയം: കോട്ടയം ഉദയനാപുരത്ത് നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ വയോധിക മരിച്ചു. ആറാട്ടുകുളങ്ങര സ്വദേശി ചന്ദ്രിക കൃഷ്ണൻ (70) ആണ് മരിച്ചത്. മകൾക്കൊപ്പം സ്കൂട്ടറിൽ പോവുമ്പോഴാണ് ചന്ദ്രിക അപകടത്തിൽ പെട്ടത്. മകൾ സജിതക്ക് കാലിനു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ റോഡരികിൽ നിന്ന ബ്ലോക്ക് പഞ്ചായത്തംഗം ഒഎം ഉദയപ്പനും പരിക്കേറ്റു. പൂത്തോട്ടയിൽ നിന്ന് വൈക്കത്തേക്ക് വന്ന കാറാണ് അപകടമുണ്ടാക്കിയത്. അമിത വേഗതയിലെത്തിയ കാർ ചന്ദ്രികയും മകളും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ചന്ദ്രിക റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഉടൻ തന്നെ ചന്ദ്രികയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

YouTube video player