കൂത്താട്ടുകുളത്ത് പാറമടയിലേക്ക് പിന്നോട്ടെടുത്ത ലോറിയിടിച്ച് സ്കൂട്ടർ യാത്രികനായ പൗലോസ് (61) മരിച്ചു. അപകടം അറിയാതെ ലോറി ഡ്രൈവർ വാഹനം ഓടിച്ചുപോയി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പൗലോസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൂത്താട്ടുകുളം: പാറമടയിലേക്ക് പോകുന്നതിനായി ലോറി പിന്നോട്ടെടുക്കുന്നതിനിടെ സ്കൂട്ടറിൽ ഇടിച്ച് പാമ്പാക്കുട കനിമൂക്കനേത്ത് പൗലോസ് (ജോസ്–61) മരിച്ചു. മണ്ണത്തൂർ ആടുകുഴി പാറമടയ്ക്ക് സമീപം വ്യാഴാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടം. മണ്ണത്തൂർ ഓലിപ്പാട് ഭാഗത്തുനിന്ന് വരികയായിരുന്ന പൗലോസ്, പാറമടയിലേക്കുള്ള റോഡിന്റെ തുടക്കത്തിൽ വച്ച് അപകടത്തിൽപ്പെടുകയായിരുന്നു. കുത്തനെയുള്ള കയറ്റവും വളവുമുള്ളതിനാൽ 12ൽ അധികം ടയറുകളുള്ള വലിയ ലോറികൾ രണ്ട് തവണ തിരിച്ചാണ് ഇവിടെ പാറമടയിലേക്ക് പ്രവേശിക്കുന്നത്.
പാറമടയിലേക്ക് തിരിയുന്നതിനായി ലോറി ആറൂർ റോഡിലേക്ക് പിന്നോട്ടെടുക്കുന്നതിനിടെയാണ് പൗലോസിന്റെ സ്കൂട്ടറിൽ ഇടിച്ചത്. ഓലിപ്പാടുള്ള ബന്ധു വീട്ടിൽ പോയി മടങ്ങിവരികയായിരുന്നു പൗലോസ്. അപകടം അറിയാതെ ലോറി പാറമടയിലേക്ക് ഓടിച്ചുപോയി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പൗലോസിനെ നാട്ടുകാർ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഷീന (ഇറ്റലി). മക്കൾ: ലിന്റ (മാൾട്ട), ലിജു (ഫാർമസിസ്റ്റ്), ലിനു (യുകെ). മരുമക്കൾ: എൽദോസ് (മാൾട്ട), രാമമംഗലം കണ്ടംകോട്ടിൽ; ലിബിൻ (ഖത്തർ), അട്ടപ്പാടി പുളിഞ്ചോട്ടിൽ പുത്തൻപുരയിൽ. സംസ്കാരം പിന്നീട്.


