തിരുവോണദിനത്തിൽ വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. പത്തോളം കാൽനടയാത്രക്കാരെയാണ് കാർ ഇടിച്ചുതെറിപ്പിച്ചത്. മദ്യലഹരിയിൽ യുവാക്കൾ സഞ്ചരിച്ച കാർ ഇതിനുമുൻപ് മറ്റ് രണ്ടുകാറുകളിലും ഇടിച്ചിരുന്നു. ഇതിനുപിന്നാലെയാണ് റോഡരികിലുണ്ടായിരുന്നവരെയും ഇടിച്ചുതെറിപ്പിച്ചത്.

പത്തനംതിട്ട: നഗരമധ്യത്തിൽ അബാൻ ജംഗ്ഷന് സമീപത്ത് നിയന്ത്രണംവിട്ട കാർ കാൽനടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽ ഒരാൾ മരിച്ചു. റിട്ട. ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ പത്തനംതിട്ട വലഞ്ചുഴി കുലശേഖരപതി സ്വദേശി കോയിക്കൽ കിഴക്കതിൽ വീട്ടിൽ അബൂബക്കർ (72) ആണ് മരിച്ചത്. അപകടത്തിൽ ഒട്ടേറെപേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ കാറോടിച്ചിരുന്ന പത്തനംതിട്ട പുത്തൻപീടിക എന്ന സ്ഥലത്ത് കുഴിമുറിയിൽ പുത്തൻവീട്ടിൽ ജിനു ബാബു (48) , കൂടെയുണ്ടായിരുന്ന ഓമല്ലൂർ വിശ്വഭവൻ വീട്ടിൽ ഗോവിന്ദരാജ് മകൻ വിശ്വജിത്ത്(24) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തിരുവോണദിനത്തിൽ വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. പത്തോളം കാൽനടയാത്രക്കാരെയാണ് കാർ ഇടിച്ചുതെറിപ്പിച്ചത്. മദ്യലഹരിയിൽ യുവാക്കൾ സഞ്ചരിച്ച കാർ ഇതിനുമുൻപ് മറ്റ് രണ്ടുകാറുകളിലും ഇടിച്ചിരുന്നു. ഇതിനുപിന്നാലെയാണ് റോഡരികിലുണ്ടായിരുന്നവരെയും ഇടിച്ചുതെറിപ്പിച്ചത്.

കാറിടിച്ച് പരിക്കേറ്റവരിൽ അഞ്ച് ഇതരസംസ്ഥാന തൊഴിലാളികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിജയ് മണ്ഡൽ (18 ) അഷ്‌കുൽ (19) പശ്ചിമബം​ഗാൾ സ്വദേശികളായ അങ്കിത് (22) ആന്റണീസ് മിഞ്ച് (33) അസം സ്വദേശി സഞ്ജിത്(18) എന്നിവരാണ് പരിക്കേറ്റ ഇതരസംസ്ഥാന തൊഴിലാളികൾ. ഇവരിൽ വിജയ് മണ്ഡലിന്റെ പരിക്ക് ​ഗുരുതരമാണ്. നിസ്സാര പരിക്കേറ്റ രൂപേഷ് (25), ജനേഷ് (26), സൂര്യ (21), സുജൻ (30) എന്നിവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

അപകടത്തിൽ കാറിലുണ്ടായിരുന്ന പ്രതികൾക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെനിന്നാണ് രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. . പ്രതികൾക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനും , കുറ്റകരമായ നരഹത്യക്കും ഉൾപ്പെടെ ജാമ്യം ഇല്ലാത്ത വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.