റോഡരികിൽ സ്‌കൂട്ടർ നിർത്തി ഫോണിൽ സംസാരിച്ചുനിന്ന യുവതിയെ പിന്നിലേക്ക് നീങ്ങിയ ലോറിയിടിച്ചു

കോഴിക്കോട്: നിര്‍ത്തിയിട്ട ലോറി പിറകിലേക്ക് നീങ്ങിയതിനെ തുടര്‍ന്ന് സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന യുവതിക്ക് പരിക്കേറ്റു. പേരാമ്പ്ര അഞ്ചാംപീടിക അരിക്കുളം റോഡില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അഞ്ചാംപീടിക സ്വദേശിനി പൂവറ്റംകണ്ടി മഞ്ജിമ(24)ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. റോഡരികില്‍ സ്‌കൂട്ടര്‍ നിര്‍ത്തിയിട്ട് ഫോണില്‍ സംസാരിക്കുകയായിരുന്നു മഞ്ജിമ. ഇതിനിടയില്‍ മുന്നിലായി നിര്‍ത്തിയിട്ടിരുന്ന ലോറി പെട്ടെന്ന് പുറകിലേക്ക് നീങ്ങി. തുടര്‍ന്ന് യുവതിയും സ്‌കൂട്ടറും ലോറിക്കടിയില്‍ കുടുങ്ങിപ്പോവുകയായിരുന്നു. സമീപത്തുണ്ടായിരുന്ന യാത്രക്കാരും മറ്റും ഉറക്കെ ബഹളമുണ്ടാക്കിയതിനാലാണ് ഇവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടത്. കാലിന് പരിക്കേറ്റ യുവതിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫര്‍ണിച്ചര്‍ ഗോഡൗണിലേക്ക് സാധനങ്ങളുമായി എത്തിയ വലിയ ലോറിയാണ് അപകടമുണ്ടാക്കിയത്.

YouTube video player