വെമ്പായം പഞ്ചായത്ത് കോംപൗണ്ടിൽ പാർക്ക് ചെയ്തിരുന്ന അസി. എൻജിനിയറുടെ സ്കൂട്ടറിൽ നിന്ന് അരലക്ഷം രൂപ മോഷ്ടിച്ചു. പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും ഇയാളെ കണ്ടെത്താനായില്ല. പ്രതിയെ പിടികൂടുന്നതിനുള്ള ശ്രമം പൊലീസ് ഊർജിതമാക്കി.
തിരുവനന്തപുരം: വെമ്പായം പഞ്ചായത്തിൽ നിന്നും അസി. എൻജിനിയറുടെ അരലക്ഷം രൂപ കവർന്ന മോഷ്ടാവിനായി അന്വേഷണം. ചൊവ്വാഴ്ച ഉച്ചയോടെ പഞ്ചായത്ത് കോംപൗണ്ടിൽ പാർക്ക് ചെയ്തിരുന്ന തൊഴിലുറപ്പ് അസി.എൻജിനിയർ വിഷ്ണുവിൻ്റെ സ്കൂട്ടറിൽ നിന്നാണ് പണം മോഷ്ടിച്ചത്.പണം നഷ്ടമായത് മനസിലാക്കിയ വിഷ്ണു സിസിടിവി പരിശോധിച്ചപ്പോൾ മോഷ്ടാവിൻ്റെ ദൃശ്യങ്ങൾ ലഭിക്കുകയും പിന്നാലെ വട്ടപ്പാറ പൊലീസിൽ പരാതി നൽകുകയും ചെയ്തു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ നഗരൂർ കരവാരം സ്വദേശി വിജയനാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തി.
ഇയാൾ വാഹനത്തിനടുത്ത് വരികയും കയ്യിലുള്ള താക്കോൽ ഉപയോഗിച്ച് വാഹനത്തിൻ്റെ സീറ്റ് ഉയർത്തി ബോക്സിൽ നിന്നും പണം മോഷ്ടിച്ച് അരയിൽ വയ്ക്കുന്നതും ദ്യശ്യങ്ങളിലുണ്ട്. പിന്നാലെ ഇയാൾ സ്കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു. പ്രതിയെ പിടികൂടുന്നതിനുള്ള ശ്രമം പൊലീസ് ഊർജിതമാക്കി. പഞ്ചായത്ത് ജീവനക്കാരുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇയാളുടെ ദൃശ്യം നൽകിയതോടെ പല പഞ്ചായത്ത് ഓഫീസുകളിലും തിരക്കുള്ള സമയങ്ങളിൽ മോഷണവും മോഷണ ശ്രമങ്ങളും നടത്തിയ ആളാണ് പ്രതിയെന്ന് മനസിലായി. പത്തനംതിട്ട, പുനലൂർ സ്റ്റേഷനുകളിലും ഇയാൾക്കെതിരെ സമാന പരാതികൾ ഉണ്ട്. പുനലൂർ നഗരസഭാ കാര്യാലയത്തിൽ നിന്നും കൗൺസിലറുടെ സ്വർണം അടങ്ങിയ ബാഗ് കവർന്ന കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ശേഷമാണ് മോഷണം.


