വെള്ളിയാഴ്ച രാവിലെ എട്ടോടെ അടിവാരത്ത് പോകാനായി പുറത്തിറങ്ങിയപ്പോഴാണ് സ്‌കൂട്ടര്‍ മോഷ്ടിക്കപ്പെട്ട വിവരം അറിയുന്നത്.

കോഴിക്കോട്: വീട്ടുമുറ്റത്ത് നിന്നും മോഷ്ടിക്കപ്പെട്ട സ്‌കൂട്ടര്‍ പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ സമീപത്തെ വീട്ടില്‍ നിന്നും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് പുതുപ്പാടി അടിവാരത്താണ് സംഭവം. പൊട്ടിക്കൈ സൂലൈമാന്റെ ഹോണ്ട ആക്ടീവ സ്‌കൂട്ടറാണ് വ്യാഴാഴ്ച രാത്രിയില്‍ മോഷ്ടിക്കപ്പെട്ടത്.

വ്യാഴാഴ്ച രാത്രി 10.30ഓടെയാണ് സുലൈമാന്‍ സ്‌കൂട്ടറില്‍ വീട്ടിലെത്തിയത്. വെള്ളിയാഴ്ച രാവിലെ എട്ടോടെ അടിവാരത്ത് പോകാനായി പുറത്തിറങ്ങിയപ്പോഴാണ് സ്‌കൂട്ടര്‍ മോഷ്ടിക്കപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് അടിവാരത്തു തന്നെയുള്ള പോലീസ് എയ്ഡ് പോസ്റ്റില്‍ വിവരം അറിയിച്ചു. താമരശ്ശേരി പോലീസ് സ്‌റ്റേഷനിലേക്ക് ചെല്ലാന്‍ പറഞ്ഞതിനെ തുടര്‍ന്ന് അങ്ങോട്ട് പോകുന്നതിനിടയിലാണ് അയല്‍ വീട്ടിലുള്ള സ്ത്രീ സ്‌കൂട്ടര്‍ ഇവരുടെ വീട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതായി അറിയിക്കുന്നത്. 

അവിടെയെത്തി സ്‌കൂട്ടര്‍ പരിശോധിച്ചപ്പോള്‍ നമ്പര്‍ പ്ലേറ്റ് മാറ്റിയ നിലയിലായിരുന്നു. കെ.എല്‍ 57 ജി 9635 എന്ന വ്യാജ നമ്പര്‍ പ്ലേറ്റാണ് ഇരുഭാഗത്തും വെച്ചിരുന്നത്. കണ്ണാടികളും അഴിച്ചുമാറ്റിയ നിലയിലായിരുന്നു. അതേസമയം സ്‌കൂട്ടറിന്റെ ചാവി 15 ദിവസങ്ങള്‍ക്ക് മുന്‍പ് നഷ്ടപ്പെട്ടിരുന്നതായി സുലൈമാര്‍ പറഞ്ഞു. വീട്ടിലുണ്ടായിരുന്ന രണ്ടാമത്തെ ചാവി ഉപയോഗിച്ചാണ് സ്റ്റാര്‍ട്ട് ചെയ്തിരുന്നത്. സ്‌കൂട്ടര്‍ മോഷ്ടിച്ച് നമ്പര്‍ പ്ലേറ്റ് മാറ്റി മറിച്ചുവില്‍ക്കുന്നവരുടെ സംഘമാണോ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് സംശയമുണ്ട്. സുലൈമാന്റെ പരാതിയില്‍ താമരശ്ശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...