സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഷാജഹാന് പിടിവീണത്. കൊടുവായൂരിലെ എസ് ഡി പി ഐ യൂണിറ്റ് പ്രസിഡന്‍റായിരുന്നു ഇയാൾ ഏറെക്കാലം. പൊലീസ് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്
പാലക്കാട്: മാല മോഷണ കേസിൽ പാലക്കാട് തേങ്കുറിശിയിൽ എസ് ഡി പി ഐ പ്രവർത്തകൻ പിടിയിലായി. കൊടുവായൂർ സ്വദേശി ഷാജഹാൻ ആണ് പൊലീസിന്‍റെ പിടിയിലായത്. തേൻകുറിശ്ശിയിൽ പാൽവിൽപനക്കാരിയായ വയോധികയുടെ മാല പൊട്ടിച്ച കേസിലാണ് അറസ്റ്റ്. ഒരു പവൻ മാലയാണ് ഷാജഹാൻ കവർന്നത്. ഈ മാസം പത്തിനാണ് സംഭവമുണ്ടായത്. പാൽവിൽപ്പനയ്ക്കായി പോകുകയായിരുന്ന വയോധികയുടെ പിന്നിലൂടെ ബൈക്കിലെത്തിയാണ് ഇയാൾ മാല കവർന്നത്. മാല നഷ്ടമായതോടെ വയോധിക പൊലീസിൽ പരാതി നൽകുകയായിരുന്നു. സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഷാജഹാന് പിടിവീണത്. കൊടുവായൂരിലെ എസ് ഡി പി ഐ യൂണിറ്റ് പ്രസിഡന്‍റായിരുന്നു ഇയാൾ ഏറെക്കാലം. പൊലീസ് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തും മാല മോഷണം
അതിനിടെ തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങി കൈക്കുഞ്ഞിന്റെ മാല പൊട്ടിച്ചെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിലായി എന്നതാണ്. പൂന്തുറ പള്ളിത്തുറ സ്വദേശി സുനീർ, കല്ലടിമുഖം സ്വദേശി സെയ്ദ് അലി എന്നിവരെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ തൊഴാൻ വന്ന മലയിൻകീഴ് സ്വദേശിയായ യുവതിയുടെ കുഞ്ഞിന്റെ മാലയാണ് ഇവർ കവർന്നത്. ക്ഷേത്ര ദർശനം കഴിഞ്ഞ് കിഴക്കേകോട്ട ബസ് സ്റ്റാൻഡിലേക്ക് നടന്നുപോയ യുവതിയുടെ പിന്നാലെ വന്ന മോഷ്ടാക്കൾ കുഞ്ഞിന്റെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. സംഭവത്തിന് പിന്നാലെ യുവതി ഫോർട്ട് പൊലീസിൽ പരാതി നൽകി. സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാൻ സാധിച്ചത്. പല പിടിച്ചുപറി കേസുകളിലും പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
സ്വർണമെന്ന് കരുതി 86 കാരിയിൽ നിന്ന് പിടിച്ചുപറിച്ചത് മുക്കുപണ്ടം
അതിനിടെ ആലപ്പുഴയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത സ്കൂട്ടറിലെത്തി വയോധികയുടെ മാല പൊട്ടിച്ചു കടന്നുകളഞ്ഞ യുവാവിനെയും പെണ്‍സുഹൃത്തിനെയും മണിക്കൂറുകൾക്കകം അരൂർ പൊലീസ് പിടികൂടി എന്നതാണ്. പള്ളുരുത്തി സ്വദേശികളായ നിഷാദ് (25), നീതു (30) എന്നിവരാണ് അരൂർ പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ അരൂർ കോട്ടപ്പുറം ഭാഗത്തെ ഇടവഴിയിൽ വെച്ചാണ് സംഭവം. നീതു ഓടിച്ച സ്കൂട്ടറിന്‍റെ പിന്നിലിരുന്നാണ് നിഷാദ് എത്തിയത്. ഇടവഴിയിലൂടെ വയോധികയുടെ അടുത്തേക്കെത്തിയ നിഷാദ്, മുഖത്ത് മുളകുപൊടി എറിഞ്ഞ ശേഷം മാല പൊട്ടിച്ച് സ്കൂട്ടറിൽ കയറി രക്ഷപ്പെടുകയായിരുന്നു. കവർന്ന മാല സ്വർണമല്ലെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് പ്രതികൾ വഴിയിൽ ഉപേക്ഷിച്ചെങ്കിലും പൊലീസ് അത് കണ്ടെടുത്തു.


