ക്ഷേത്ര ദർശനം കഴിഞ്ഞ് കിഴക്കേകോട്ട ബസ് സ്റ്റാൻഡിലേക്ക് നടന്നുപോയ യുവതിയുടെ പിന്നാലെ വന്ന മോഷ്ടാക്കൾ കുഞ്ഞിന്റെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു.

തിരുവനന്തപുരം: ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങി കൈക്കുഞ്ഞിന്റെ മാല പൊട്ടിച്ചെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. പൂന്തുറ പള്ളിത്തുറ സ്വദേശി സുനീർ, കല്ലടിമുഖം സ്വദേശി സെയ്ദ് അലി എന്നിവരെയാണ് ഫോർട്ട്‌ പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ തൊഴാൻ വന്ന മലയിൻകീഴ് സ്വദേശിയായ യുവതിയുടെ കുഞ്ഞിന്റെ മാലയാണ് ഇവർ കവർന്നത്. ക്ഷേത്ര ദർശനം കഴിഞ്ഞ് കിഴക്കേകോട്ട ബസ് സ്റ്റാൻഡിലേക്ക് നടന്നുപോയ യുവതിയുടെ പിന്നാലെ വന്ന മോഷ്ടാക്കൾ കുഞ്ഞിന്റെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. സംഭവത്തിന് പിന്നാലെ യുവതി ഫോർട്ട് പൊലീസിൽ പരാതി നൽകി. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാൻ സാധിച്ചത്. പല പിടിച്ചുപറി കേസുകളിലും പ്രതികളാണ്.കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.