മേഖലയിൽ മഴ തുടരുകയാണെങ്കിലും കുട്ടിയെ കണ്ടെത്തുന്നത് വരെ തെരച്ചിൽ തുടരുമെന്നാണ് റോജി എം ജോൺ എംഎൽഎ വിശദമാക്കുന്നത്
മൂഴിക്കുളം: തിരുവാങ്കുളത്ത് കാണാതായ മൂന്നുവയസുകാരിക്കായി കനത്ത മഴയെ അവഗണിച്ചും തിരച്ചിൽ തുടരുന്നു. കല്യാണിയെന്ന മൂന്ന് വയസുകാരിയേയാണ് അമ്മയ്ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ കാണാതായത്. കുട്ടിയെ ഉപേക്ഷിച്ചതാണെന്നതടക്കമുള്ള പരസ്പര വിരുദ്ധമായ മൊഴികളാണ് അമ്മ നൽകുന്നത്. അമ്മയ്ക്ക് മാനസിക വെല്ലുവിളികളുണ്ടെന്ന സൂചനയാണ് ബന്ധുക്കളും നൽകുന്നത്.
മേഖലയിൽ മഴ തുടരുകയാണെങ്കിലും കുട്ടിയെ കണ്ടെത്തുന്നത് വരെ തെരച്ചിൽ തുടരുമെന്നാണ് റോജി എം ജോൺ എംഎൽഎ വിശദമാക്കുന്നത്. സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ മൂഴിക്കുളത്ത് കല്യാണിയുമായി അമ്മ എത്തിയിട്ടുണ്ടെന്ന് വ്യക്തമാണ്.അതിനാൽ തന്നെ സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് തെരച്ചിൽ ശക്തമാക്കുമെന്നും എംഎൽഎ വിശദമാക്കുന്നു. കുഞ്ഞിനെ കണ്ടെത്തുന്നത് വരെ തെരച്ചിൽ തുടരണമെന്നാണ് ആവശ്യമെന്നും റോജി എം ജോൺ പ്രതികരിച്ചു. കനത്ത മഴയും ഇരുട്ടും അടക്കമുള്ള നിരവധി പ്രതിബന്ധങ്ങളുണ്ടെങ്കിലും തെരച്ചിൽ തുടരുമെന്നും എംഎൽഎ വിശദമാക്കി.
മൂഴിക്കൂളം പാലത്തിന് സമീപത്തെ മേഖലയിലും തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയെ അവഗണിച്ചാണ് പൊലീസും മറ്റ് സേനകളും നാട്ടുകാരും ചേർന്നുള്ള പൊലീസ് തെരച്ചിൽ നടക്കുന്നത്. ചാലക്കുടി പുഴയ്ക്ക് കുറുകെയാണ് സ്കൂബാ ടീം അടക്കമുള്ള തെരച്ചിൽ നടത്തുന്നത്. പുഴയിൽ ഒഴുക്ക് ശക്തമായതിനാൽ വളരെ ദുഷ്കരമായ ദൌത്യമാണ് പൊലീസും നാട്ടുകാരും ഏറ്റെടുത്തിട്ടുള്ളത്.
നിലവിൽ പൊലീസ് കസ്റ്റഡിയിലാണ് കല്യാണിയുടെ അമ്മയുള്ളത്. കുട്ടിയുടെ മാതാപിതാക്കൾ തമ്മിൽ അകൽച്ചയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. അമ്മ വ്യക്തമായി സംസാരിക്കാത്ത സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്.കുടുംബപരമായി പ്രശ്നങ്ങൾ നിലവിലുള്ളതിനാൽ കുട്ടിയെ അച്ഛൻ്റെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ഇവിടെ നിന്നാണ് അമ്മ കുട്ടിയെ കൊണ്ടുപോയത്.പ്രദേശവാസികൾ ചെറുവള്ളങ്ങളിലടക്കം പുഴയിൽ തെരച്ചിൽ നടത്തുന്നുണ്ട്.
സാധാരണ ഗതിയിൽ പ്രതികൂല സാഹചര്യങ്ങളിൽ തെരച്ചിലിന് ഇറങ്ങുന്നവരുടെ സുരക്ഷ പരിഗണിച്ച് രാത്രി വൈകിയുള്ള തെരച്ചിൽ നടത്താറില്ലെങ്കിലും കാണാതായത് പിഞ്ചുകുഞ്ഞായതിനാൽ പൊലീസ് തെരച്ചിൽ തുടരുകയാണ്.


