കല്‍പ്പറ്റ: പുത്തുമല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുളള തെരച്ചില്‍ പ്രാദേശികമായി തുടരും. മകന്‍ ഷഫീറിന്റെ ആവശ്യപ്രകാരം ഇന്ന് കാണാതായ ഹംസക്കായി നടത്തിയ തെരച്ചില്‍ വിഫലമായിരുന്നു. വീടും  മസ്ജിദിനോട് ചേര്‍ന്ന ഭാഗങ്ങളിലായിരുന്നു തെരച്ചില്‍.

ഫയര്‍ഫോഴ്‌സ്, പൊലീസ്, ഫോറസ്റ്റ്, നാട്ടുകാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശ്രമം. ഉരുള്‍പൊട്ടലില്‍ കാണാതായ 17 പേരില്‍ 12 പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. അഞ്ചുപേരെയാണ് ഇനി കണ്ടെത്താനുള്ളത്. അവസാനം കണ്ടെത്തിയ രണ്ടു മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഇവയുടെ രാസപരിശോധ ഫലം അടുത്തദിവസം ലഭിക്കും.