പൂവച്ചൽ നാടുകാണി ക്ഷേത്ര രക്ഷാധികാരിയെയും കമ്മിറ്റി അംഗത്തെയും ആക്രമിച്ച കേസിൽ രണ്ടാം പ്രതി അറസ്റ്റിൽ.

തിരുവനന്തപുരം: പൂവച്ചൽ നാടുകാണി ക്ഷേത്ര രക്ഷാധികാരിയെയും കമ്മിറ്റി അംഗത്തെയും ആക്രമിച്ച കേസിൽ രണ്ടാം പ്രതിയും അറസ്റ്റിൽ. ഊരുട്ടമ്പലം മണ്ണടിക്കോണം സ്വദേശി വിശാഖ്(23)നെയാണ് കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്.

ഒന്നാം പ്രതിയായ കണ്ടല സ്വദേശി അജീഷ് ലാലിനെ ഇക്കഴിഞ്ഞ ദിവസം എറണാകുളത്തുനിന്നു പിടികൂടിയിരുന്നു. കഴിഞ്ഞ മാസമായിരുന്നു ക്ഷേത്രം ഭാരവാഹികൾക്ക് നേരെ മദ്യപസംഘത്തിന്‍റെ ആക്രമണം. ക്ഷേത്രത്തിൽ നേരത്തെയുണ്ടായ മോഷണത്തിന് ശേഷം രാത്രി ഭാരവാഹികളെ കാവൽ ചുമതലയിൽ ഏൽപ്പിച്ചിരുന്നു.കാവലിലുണ്ടായിരുന്ന ഭാരവാഹികളെയാണ് ബൈക്കുകളിൽ എത്തിയ സംഘം മർദിച്ചത്.

ക്ഷേത്രമിരിക്കുന്ന പാറയിൽ കുറച്ചുപേർ നിൽക്കുന്നതുകണ്ട് ചോദ്യംചെയ്തപ്പോഴാണ് ഭാരവാഹികളെ കയ്യേറ്റം ചെയ്തതും മർദിച്ചതും. സംഭവത്തിന് പിന്നാലെ ഒളിവിൽപോയ പ്രതികളെ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. പിന്നാലെയാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. സംഘത്തിലുണ്ടായ മറ്റുള്ളവർക്കായി അന്വേഷണം തുടരുകയാണ് പൊലീസ്