കണ്ണയ്യന്റെ വീട്ടിലെത്തിയ പൊലീസ് സംഘത്തിന് കണ്ടെത്താനായത് അടുക്കി വച്ച 36 കന്നാസുകളിലായി സൂക്ഷിച്ച സ്പിരിറ്റായിരുന്നു.

മീനാക്ഷിപുരം: പാലക്കാട് മീനാക്ഷിപുരത്ത് വലിയ തോതിൽ സ്പിരിറ്റ് പിടികൂടി. 1260 ലിറ്റർ സ്പിരിറ്റാണ് കണ്ടെടുത്തത്. സർക്കാർപതിയിലെ കണ്ണയ്യന്റെ വീട്ടിൽ നിന്നാണ് മീനാക്ഷിപുരം പൊലീസ് സ്പിരിറ്റ് പിടികൂടിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചിറ്റൂർ ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തേതുടർന്നായിരുന്നു പരിശോധന. ഡാൻസാഫ് സംഘവും പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. കണ്ണയ്യന്റെ വീട്ടിലെത്തിയ പൊലീസ് സംഘത്തിന് കണ്ടെത്താനായത് 36 കന്നാസുകളിലായി സൂക്ഷിച്ച സ്പിരിറ്റ് അടുക്കി വച്ചതായിരുന്നു. ഈ സ്പിരിറ്റും കണ്ണയ്യനേയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. കണ്ണയ്യന്റേതല്ല ഈ സ്പിരിറ്റെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. സ്പിരിറ്റ് ആരുടേതാണെന്നും ആർക്ക് വേണ്ടിയാണ് കണ്ണയ്യൻ ഇത് വീട്ടിൽ സൂക്ഷിച്ചതെന്നുമുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

YouTube video player

മറ്റൊരു സംഭവത്തിൽ കേരള തമിഴ് നാട് അതിർത്തിയിലെ ബോഡിനായ്കക്കന്നൂരിൽ നിന്നും 24 കിലോ കഞ്ചാവുമായി സ്ത്രീ ഉൾപ്പെടെ 4 പേരെ തമിഴ്നാട് പൊലീസ് അറസ്റ്റു ചെയ്തു. ആന്ധ്ര പ്രദേശിൽ നിന്നും തേനി ജില്ലയിലേക്ക് വൻതോതിൽ കഞ്ചാവ് എത്തുന്നതായും ഇത് കേരളത്തിലേക്ക് കടത്തുന്നതിനൊപ്പം ചില്ലറ വിൽപ്പന നടത്തുന്നതായും തമിഴ്നാട് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് വ്യാപകമായ പരിശോധനയാണ് അതിർത്തിയിൽ നടക്കുന്നത്. ബോഡിനായ്ക്കന്നൂർ പൊലീസ് കാളിയമ്മൻ ക്ഷേത്രത്തിന് സമീപം പട്രോളിംഗ് നടത്തുന്നതിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു സ്ത്രീയെ കണ്ടു. 

ഇവരെ കസ്റ്റഡിയിലെടത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മറ്റു മൂന്നു പേർ ഒപ്പമുണ്ടെന്ന് വിവരം കിട്ടിയത്. ഇതനുസരിച്ച് സംഘത്തിലെ മൂന്നു പേരെയും കസ്റ്റഡിയിലെടുത്തു. മേൽമംഗളം സ്വദേശി തങ്കപാണ്ടി, ഉസിലംപെട്ടി സ്വദേശികളായ ഉഗ്രപാണ്ഡി, ഇന്ദ്രാണി, പെരിയകുളം സ്വദേശി അബ്ദുൾ ലത്തീഫ് എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 12 പാക്കറ്റുകളിലാക്കി സൂക്ഷിച്ചിരുന്ന 24 കിലോ കഞ്ചാവും കണ്ടെത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം