ഡ്രൈ ഡേ പ്രമാണിച്ച് എക്സൈസ് നടത്തിയ പരിശോധനയിൽ 75 ലിറ്ററിലധികം വിദേശ മദ്യം പിടിച്ചെടുത്തു. ആലപ്പുഴയിൽ കായലിൽ ഉപേക്ഷിച്ച നിലയിൽ 50.5 ലിറ്റർ മദ്യം കണ്ടെത്തി ഒരാളെ പിടികൂടി. കോതമംഗലത്ത് 25 ലിറ്റർ മദ്യവുമായി മറ്റൊരാളും അറസ്റ്റിലായി.

ആലപ്പുഴ: ഡ്രൈ ഡേ പ്രമാണിച്ച് എക്സൈസ് നടത്തിയ പരിശോധനകളിൽ വിൽപ്പനയ്ക്ക് സൂക്ഷിച്ച 75 ലിറ്ററിലധികം ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടിച്ചെടുത്തു. ആലപ്പുഴ പുറക്കാട് 50.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ശിവജി (52 ) എന്നയാളെ പിടികൂടി. ആലപ്പുഴ എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ ഫാറൂക്ക് അഹമ്മദിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. മദ്യ വിൽപ്പന നടത്തിക്കൊണ്ടിരുന്ന ശിവജി എക്സൈസിനെ കണ്ട് വല സഞ്ചിയിൽ സൂക്ഷിച്ചിരുന്ന മദ്യം കായലിലേക്ക് ഉപേക്ഷിച്ചു.

Add Asianetnews as a Preferred SourcegooglePreferred

തുടർന്ന് കായലിൽ നടത്തിയ തിരിച്ചിലാണ് കൂടുതൽ മദ്യക്കുപ്പികൾ കണ്ടെത്തിയത്. അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർമാരായ അബ്ദുൾ ഷുക്കൂർ, മനോജ് കുമാർ വി കെ, സന്തോഷ് കുമാർ വി, സിവിൽ എക്സൈസ് ഓഫീസർമാരായ സുർജിത്ത് ടി ജി, ഷഫീക്ക് കെ എസ്, ഹരീഷ് കുമാർ കെ എച്ച്, ജി ആർ ശ്രീരണദിവെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ജയകുമാരി വി കെ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

അതേസമയം, കോതമംഗലത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ച 25 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി പോത്താനിക്കാട് സ്വദേശി സനൽ പൗലോസ് (38) എന്നയാളെ അറസ്റ്റ് ചെയ്തു. കോതമംഗലം എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) സാജു കെ ടിയും സംഘവും ചേർന്നാണ് പരിശോധന നടത്തിയത്. സിവിൽ എക്സൈസ് ഓഫീസർമാരായ ജോയൽ ജോർജ്, ബിലാൽ പി സുൽഫി, പ്രിവന്‍റീവ് ഓഫീസർ(ഗ്രേഡ്) ലിബു പി ബി എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.