പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തിയ സീമ ഹൈദർ, പങ്കാളി സച്ചിൻ മീണയ്‌ക്കൊപ്പം ഒരു ആൺകുഞ്ഞിന് കൂടി ജന്മം നൽകി. ഇന്ത്യയോടുള്ള സ്നേഹസൂചകമായി കുഞ്ഞിന് 'ഭാരത്' എന്ന് പേരിട്ടു. ഇതോടെ സീമ ആറ് കുട്ടികളുടെ അമ്മയായി.
ദില്ലി: പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തിയ സീമ ഹൈദർ ഫെബ്രുവരിയില്‍ ജന്മം നല്‍കി ആൺ കുഞ്ഞിന് പേരിട്ടു. ഇന്ത്യയിലെത്തിയ ശേഷം സീമ രണ്ടാം തവണയാണ് കുഞ്ഞിന് ജന്മം നൽകുന്നത്. ആൺകുഞ്ഞിന് 'ഭാരത്' എന്നാണ് പേരിട്ടച്. ഉത്തർപ്രദേശിലെ നോയിഡയിൽ താമസിക്കുന്ന സീമയും പങ്കാളി സച്ചിൻ മീണയും പുതിയ അതിഥിയുടെ വരവ് വലിയ ആഘോഷമായാണ് കൊണ്ടാടിയത്. തന്റെ മകന് നൽകിയ ഈ പേര് ഇന്ത്യയോടുള്ള സ്നേഹത്തിന്റെയും ഭക്തിയുടെയും അടയാളമാണെന്ന് സീമ പ്രതികരിച്ചു.
തന്റെ പുതിയ സ്വത്വത്തിൽ താൻ വളരെയധികം അഭിമാനിക്കുന്നുവെന്നും ഇന്ത്യയിലെ ജീവിതം തനിക്ക് നൽകുന്ന സന്തോഷം വാക്കുകൾക്ക് അതീതമാണെന്നും സീമ വ്യക്തമാക്കി. ഇന്ത്യൻ സംസ്കാരവും ആചാരങ്ങളും പൂർണ്ണമായി ഉൾക്കൊള്ളാനാണ് താൻ ആഗ്രഹിക്കുന്നത്. കുട്ടിയുടെ പേരിടൽ ചടങ്ങിൽ ബന്ധുക്കളും നാട്ടുകാരും പങ്കെടുത്തു. സോഷ്യൽ മീഡിയയിലൂടെ സീമ സന്തോഷവാർത്ത പങ്കിട്ടത്. ഭ എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരിടണമെന്ന് ജോത്സ്യൻ നിർദേശിച്ചുവെന്നും സീമ പറഞ്ഞു. ഇന്ത്യയെ പിന്തുണക്കുന്നതിൽ സന്തോഷിക്കുന്നുണ്ടെന്നും ഇന്ത്യയുടെ ക്രിക്കറ്റ് വിജയം ആഘോഷിക്കാറുണ്ടെന്നും ഒരിക്കലും പാകിസ്ഥാനിലേക്ക് മടങ്ങാനാഗ്രഹിക്കുന്നില്ലെന്നും അവർ പറഞ്ഞു. ആദ്യ ഭർത്താവിൽ സീമക്ക് നാല് കുട്ടികളുണ്ട്.
രണ്ടാം ഭർത്താവിൽ രണ്ടുകുട്ടികളുമായതോടെ സീമ ആറ് കുട്ടികളുടെ അമ്മയായി. 2023-ൽ പബ്ജി (PUBG) ഗെയിമിലൂടെ പരിചയപ്പെട്ട സച്ചിൻ മീണയെ തേടിയാണ് സീമ ഹൈദർ നാല് മക്കളുമായി നേപ്പാൾ വഴി ഇന്ത്യയിലെത്തിയത്. നിയമവിരുദ്ധമായി അതിർത്തി കടന്നതുമായി ബന്ധപ്പെട്ട കേസുകൾ നിലനിൽക്കുന്നുണ്ടെങ്കിലും, താൻ ഇപ്പോൾ ഒരു പൂർണ്ണ ഹിന്ദുവാണെന്നും ഇന്ത്യയാണ് തന്റെ വീടെന്നും സീമ ആവർത്തിച്ച് വ്യക്തമാക്കുന്നു.
