Asianet News MalayalamAsianet News Malayalam

ബാഗിലെ ചിപ്സ് മോഷ്ടിച്ചു? സിനിയർ വിദ്യാർഥികളുടെ ആക്രമണം; ലക്കിടി നവോദയയിലെ 9ാം ക്ലാസ് കുട്ടികൾ ആശുപത്രിയിൽ

പരിക്കേറ്റ നിലയില്‍ ആറ് വിദ്യാര്‍ത്ഥികളാണ് ചൊവ്വാഴ്ച രാത്രി വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി എത്തിയെത്തിത്. സാരമായി പരിക്കേറ്റ രണ്ട് കൂട്ടികളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിട്ടുണ്ട്

senior students attack juniors in Lakkidi Jawahar Navodaya Vidyalaya
Author
Kalpetta, First Published May 18, 2022, 11:07 PM IST

കല്‍പ്പറ്റ: ബാഗിലുണ്ടായിരുന്ന ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ജൂനിയര്‍ വിദ്യാര്‍ഥികളെ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചതായി പരാതി. വൈത്തിരിക്കടുത്ത ലക്കിടി ജവാഹര്‍ നവോദയ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കാണ് ചിപ്‌സ് മോഷ്ടിച്ചെന്ന ആരോപിച്ച് പത്താംക്ലാസ് വിദ്യാര്‍ഥികളുടെ മര്‍ദ്ദനമേറ്റത്. പരിക്കേറ്റ നിലയില്‍ ആറ് വിദ്യാര്‍ത്ഥികളാണ് ചൊവ്വാഴ്ച രാത്രി വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി എത്തിയെത്തിത്. സാരമായി പരിക്കേറ്റ രണ്ട് കൂട്ടികളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. പത്താംക്ലാസ് വിദ്യാര്‍ഥികള്‍ കൊണ്ടുവന്ന ചിപ്‌സ് ജൂനിയര്‍ വിദ്യാര്‍ഥികള്‍ കൈക്കലാക്കിയെന്ന് പറഞ്ഞ് കുട്ടികളെ തങ്ങളുടെ ഹോസ്റ്റലിലേക്ക് വിളിച്ചു വരുത്തി ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് കുട്ടികൾ പറയുന്നത്. മരചില്ലയും വടിയും ഉപയോഗിച്ചാണ് കുട്ടികളെ ആക്രമിച്ചതെന്ന് പറയുന്നു. മര്‍ദ്ദനത്തിന് ശേഷം പുറത്ത് അറിയിക്കരുതെന്നു ഭീഷണിപ്പെടുത്തിയതായും കുട്ടികള്‍ രക്ഷിതാക്കളോട് പറഞ്ഞിരുന്നു. മര്‍ദ്ദനമേറ്റ കുട്ടികളില്‍ ഒരാള്‍ വേദന സഹിയ്ക്കാനാവാതെ രക്ഷിതാവിനെ വിളിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പിന്നീട് മറ്റു രക്ഷിതാക്കള്‍ കൂടിയെത്തിയാണ് ഒമ്പതാംക്ലാസുകാരെ ആശുപത്രിയിലേക്ക് മാറ്റിയത്.

അതേ സമയം സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്തു നിന്ന് അനാസ്ഥയുണ്ടായതായി രക്ഷിതാക്കള്‍ ആരോപിച്ചു. സംഭവം പൂഴ്ത്തിവെക്കാന്‍ അധികൃതര്‍ ശ്രമിച്ചതായാണ് രക്ഷിതാക്കള്‍ പറയുന്നത്. തങ്ങള്‍ എത്തിയതിന് ശേഷമാണ് പൊലീസില്‍ പരാതി നല്‍കാന്‍ പോലും തയ്യാറായതെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ടു. വൈത്തിരി പൊലീസ് സ്ഥലത്തെത്തി കുട്ടികളില്‍ നിന്നും മൊഴിയെടുത്തിട്ടുണ്ട്. അതിനിടെ മര്‍ദ്ദിച്ചെന്ന പറയുന്ന കുട്ടികള്‍ മുന്‍പും പ്രശ്‌നമുണ്ടാക്കിയവരാണെന്നും ചിലരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നു ആരോപണമുയരുന്നുണ്ട്. സ്‌കൂളില്‍ നിരന്തരം ഉണ്ടാകുന്ന അക്രമസംഭവങ്ങള്‍ വിശദമായി അന്വേഷിക്കണം എന്നും പൊലീസിനോട് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം കുറ്റക്കാരായ വിദ്യാർത്ഥികൾക്കെതിരെ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കുമെന്ന് സ്കൂൾ പ്രിൻസിപ്പൽ അറിയിച്ചു. സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് കോടതിയിൽ റിപ്പോർട്ട് നൽകുമെന്ന് വൈത്തിരി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios