മഞ്ചേരി, അരുകിഴായ മേഖലകളില്‍ തുടർച്ചയായി മോഷണം നടത്തിവന്ന 21-കാരനായ പ്രതിയെ പോലീസ് പിടികൂടി. കോഴിക്കോട്ടെ സ്വകാര്യ അപ്പാര്‍ട്ട്‌മെന്റില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാൾ, മോഷ്ടിച്ച പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയായിരുന്നു.  

മഞ്ചേരി മുള്ളമ്പാറ, അരുകിഴായ മേഖലകളില്‍ തുടര്‍ച്ചയായി മോഷണം നടത്തി നാട്ടുകാരെ ഭീതിയിലാഴ്ത്തിയ പ്രതി പോലീസ് പിടിയിലായി. മഞ്ചേരി അരുകിഴായ സ്വദേശി കരിയംവീട്ടില്‍ നിതിനെ (21) ആണ് പ്രത്യേക അന്വേഷണസംഘം കോഴിക്കോട് പാലാഴിയിലെ സ്വകാര്യ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് സാഹസികമായി പിടികൂടിയത്. ഹൈലൈറ്റ് മാളിന് സമീപത്തെ ഒളിത്താവളത്തില്‍ നിന്നാണ് ഇയാള്‍ വലയിലായത്.

പ്രദേശത്ത് മോഷണം വ്യാപകമായതോടെ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. നൂറിലധികം സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചും സൈബര്‍ സെല്ലിന്റെ സഹായത്തോടെയുമാണ് പ്രതി ഒളിവില്‍ കഴിഞ്ഞിരുന്ന അപ്പാര്‍ട്ട്‌മെന്റ് പൊലീസ് കണ്ടെത്തിയത്. മഞ്ചേരിയിലെ നിരവധി മോഷണക്കേസുകള്‍ക്ക് ഇയാളുടെ അറസ്റ്റോടെ തുമ്പുണ്ടായതായി പൊലീസ് അറിയിച്ചു.

മോഷണം നടത്തി ലഭിക്കുന്ന പണവും സ്വര്‍ണാഭരണങ്ങളും ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുന്നതായിരുന്നു ഇയാളുടെ രീതി. ലഹരിക്കടിമയായ പ്രതി, മോഷ്ടിച്ച സ്വര്‍ണം വിറ്റുകിട്ടുന്ന പണം ഉപയോഗിച്ച് വിലകൂടിയ ആഡംബര വാഹനങ്ങള്‍ വാടകയ്ക്കെടുത്ത് കറങ്ങി നടക്കാറാണ് പതിവ്. കൊച്ചിയിലും കോഴിക്കോട്ടും വന്‍ തുക നല്‍കി അപ്പാര്‍ട്ട്‌മെന്റുകള്‍ വാടകയ്ക്കെടുത്തും സുഹൃത്തുക്കളെ ഉള്‍പ്പെടുത്തി ലഹരി പാര്‍ട്ടികള്‍ നടത്തിയും ഇയാള്‍ പണം ധൂര്‍ത്തടിച്ചു.

മോഷ്ടിച്ച ആഭരണങ്ങള്‍ എവിടെയാണ് വിറ്റതെന്ന് കണ്ടെത്തുന്നതിനും കൂടുതല്‍ മോഷണങ്ങളില്‍ പങ്കുണ്ടോ എന്ന് പരിശോധിക്കുന്നതിനുമായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും. പ്രതിക്ക് ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയവര്‍ക്കായും പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.