വർക്കല കളത്തറ സ്വദേശി ലീനാമണിയാണ് വീട്ടിൽ കൊല്ലപ്പെട്ടത്
വർക്കല: വർക്കലയിൽ സ്വത്ത് തർക്കത്തെ തുടർന്ന് വീട്ടമ്മയെ ഭർത്താവിന്‍റെ സഹോദരന്മാർ വെട്ടിക്കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. വർക്കല കളത്തറ സ്വദേശി ലീനാമണിയാണ് വീട്ടിൽ കൊല്ലപ്പെട്ടത്. അതേസമയം, കോടതി ഇവർക്ക് സംരക്ഷണം ഏർപ്പെടുത്താൻ നിർദ്ദേശിച്ചിട്ടും പൊലീസിന്‍റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്നാണ് ബന്ധുക്കളുടെ പരാതി.
ലീനാമണിയുടെ ഭർത്താവ് ഒന്നരവർഷം മുമ്പാണ് മരിച്ചത്. അതിന് ശേഷം ഭർത്താവിൻറെ ബന്ധുക്കൾ സ്വത്ത് ആവശ്യപ്പെട്ട് ലീനാമണിയുമായി വലിയ തർക്കത്തിലായിരുന്നു. ഇന്ന് രാവിലെ തർക്കത്തിനിടെ ഭർത്താവിൻറെ സഹോദരങ്ങളായ ഷാജി, അഹദ്, മുഹസിൻ എന്നിവർ ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കൾ പറയുന്നത്.
40 ദിവസം മുമ്പ് ഭർത്താവിൻറെ ഇളയസഹോദരനായ അഹദ് കുടുംബത്തിനൊപ്പം ലീനാമണിയുടെ വീട്ടിൽ താമസിക്കാനെത്തിയിരുന്നു. അന്ന് മുതലാണ് ഭിന്നത രൂക്ഷമായത്. ഇതിനിടെ സംരക്ഷണം ആവശ്യപ്പെട്ട് ലീനാമണി കോടതിയെ സമീപിച്ചിരുന്നു. ഇതേ ചൊല്ലി ഇന്ന് രാവിലെ തുടങ്ങിയ വാക്കുതർക്കമാണ് കൊലയിലേക്കെത്തിച്ചത്. അതേസമയം കോടതി ഉത്തരവുണ്ടായിട്ടും പൊലീസ് വേണ്ട സംരക്ഷണം നൽകിയില്ലെന്നാണ് ലീനാമണിയുടെ ബന്ധുക്കളുടെ പരാതി.
Read more: നെടുമ്പാശ്ശേരിയിൽ സിനിമാ യൂണിറ്റ് വാനിന് നേരെ ആക്രമണം; വാൻ തടഞ്ഞ് താക്കോൽ ഊരി കാർ ഓടിച്ചുപോയി
അതേസമയം, ചെന്നൈയിൽ ജോലി ഇല്ലാത്തവനെന്ന പരിഹാസം സഹിക്കാനാവാതെ മകൻ അച്ഛനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്നു. ചെന്നൈയിലെ എക്കാട്ടുതങ്ങൾ സ്വദേശി ബാലസുബ്രമണിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ബാലസുബ്രമണിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ മകൻ ജബരീഷിനെ (23) പൊലീസ് അറസ്റ്റ് ചെയ്തു.
തൊഴിൽ രഹിതനായ മകനെ കളിയാക്കിയതാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് പൊലീസ് പറഞ്ഞു. ബാലസുബ്രമണി സ്ഥിരം മദ്യപാനിയായിരുന്നുവെന്നും പൊലീസ് പറയുന്നു. മദ്യപിച്ചെത്തി മകനെ സുബ്രമണി കളിയാക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയും മകൻ ജബരീഷും ബാലസുബ്രമണിയും തമ്മിൽ വഴക്കുണ്ടായി. ജോലി ഇല്ലാത്തവനെന്ന് പിതാവ് ആവർത്തിച്ച് പരിസഹിച്ചതോടെയാണ് യുവാവ് പ്രകോപിതനായത്.

