ഈസ്റ്റര്‍ ദിനത്തില്‍ രാത്രി മംഗലം സ്വദേശി പ്രണവ് കടയില്‍ നിന്നും സാധനം വാങ്ങി പുറത്തിറങ്ങവേ ബൈക്കില്‍ എത്തിയ പ്രതികളില്‍ ഒരാളുമായി തര്‍ക്കം ഉണ്ടാകുകയും അടിപിടിയില്‍ ചെന്നെത്തുകയും ചെയ്തു. തുടര്‍ന്നാണ് തിരിച്ചടിക്കു ഗൂഢാലോചന നടന്നത്.

ആലപ്പുഴ: കഴിഞ്ഞ ദിവസം തുമ്പോളിയിൽ ഉണ്ടായ മുഖംമൂടി ആക്രമണ കേസില്‍ ഏഴുപേര്‍ പിടിയില്‍. കൊമ്മാടി തീര്‍ത്തശ്ശേരി അമ്പലത്തിനു സമീപം വടക്കുയില്‍ വെളിയില്‍ വീട്ടില്‍ സുഭാഷ് (28), എസ്എന്‍വി എല്‍പിഎസ് ഹൈസ്‌കൂളിന് സമീപം അരയശ്ശേരി വീട്ടില്‍ ഷിബിന്‍ (23), എസ്എന്‍വി ഗുരുമന്ദിരത്തിന് സമീപം വടക്കേ വെളിയില്‍ വീട്ടില്‍ അരുണ്‍ (22), മാരാരിക്കുളം പത്താം വാര്‍ഡില്‍ കെഎസ്ഇബിയ്ക്ക് സമീപം നാട്ചിറയില്‍ വീട്ടില്‍ അജിത് (25), കൊമ്മാടി പടിഞ്ഞാറുമടയില്‍ വീട്ടില്‍ കട്ടചാന്‍ എന്ന് വിളിക്കുന്ന ആദര്‍ശ്, തുമ്പോളി പടിഞ്ഞാറു അഞ്ചുതൈയ്യില്‍ വീട്ടില്‍ മണികണ്ഠന്‍ (25), മടയില്‍ വീട്ടില്‍ ചന്ദന എന്ന് വിളിക്കുന്ന ജിനീഷ് (28) എന്നിവരാണ് നോര്‍ത്ത് പൊലീസിന്റെ പിടിയിലായത്. 

രണ്ട് പ്രതികള്‍ ഒളിവിലാണ്. ഈ മാസം ഒന്നാം തീയതി രാത്രി ഒരു മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഈസ്റ്റര്‍ ദിനത്തില്‍ രാത്രി മംഗലം സ്വദേശി പ്രണവ് കടയില്‍ നിന്നും സാധനം വാങ്ങി പുറത്തിറങ്ങവേ ബൈക്കില്‍ എത്തിയ പ്രതികളില്‍ ഒരാളുമായി തര്‍ക്കം ഉണ്ടാകുകയും അടിപിടിയില്‍ ചെന്നെത്തുകയും ചെയ്തു. തുടര്‍ന്നാണ് തിരിച്ചടിക്കു ഗൂഢാലോചന നടന്നത്. ശേഷം തുമ്പോളികടപ്പുറത്ത് ഒത്തുകൂടിയ പ്രതികള്‍ തിരിച്ചടിക്കു പദ്ധതി തയ്യാറാക്കിയ ശേഷം ഒന്നാം തീയതി രാത്രി പ്രണവിന്റെ വീട് ആക്രമിക്കുകയായിരുന്നു. 

ആദ്യം വീട് മാറി മംഗലം സ്വദേശി ഷാജഹാന്റെ വീടാണ് സംഘം ആക്രമിച്ചത്. ഷാജഹാന്റെ ഓട്ടോറിക്ഷയും മോട്ടോര്‍ സൈക്കിളും പ്രതികള്‍ അടിച്ചു തകര്‍ത്തു. തുടര്‍ന്ന് സമീപ പ്രദേശത്തെ വീടുകളിലും കയറി വാഹനങ്ങള്‍ ഉള്‍പ്പെടെ അടിച്ച് നശിപ്പിക്കുകയായിരുന്നു. വീടുകള്‍ ആക്രമിച്ച പ്രതികള്‍ സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അക്രമികളെ പേടിച്ച് പരിസരവാസികള്‍ പുറത്തിറങ്ങിയില്ല.

സംഘത്തിലെ ചിലരുടെ മുഖം മൂടി അഴിഞ്ഞ് പോയത് പ്രദേശവാസികൾ കണ്ടതാണ് പ്രതികളെ പിടികൂടാന്‍ സഹായമായത്. നിരവധി കൊലപാതക ശ്രമങ്ങളിലേയും അടിപിടി കേസുകളിലേയും പ്രതികളാണ് പിടിയിലായ മിക്കവരും. വീട് കയറി ആക്രണത്തിന് മാരകായുധങ്ങള്‍ ഉപയോഗിച്ചതിനും വസ്തുവകകള്‍ തല്ലി തകര്‍ത്തതിനും പ്രത്യേകം വകുപ്പുകള്‍ ചേര്‍ത്താണ് അന്വേഷണം നടക്കുന്നത്. സംഭവം നടന്ന് 24 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടാനായി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതികള്‍ക്കെതിരെ ഗുണ്ടാ ആക്ട് പ്രകാരം നടപടികള്‍ സ്വീകരിക്കുമെന്നു പൊലീസ് അറിയിച്ചു.