തിരുവനന്തപുരത്ത് സിവിൽ പൊലീസ് ഓഫീസറെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഇദ്ദേഹവുമായി അടുപ്പത്തിലായിരുന്ന യുവതി ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ്, അവരുടെ മൃതദേഹം കണ്ടു മടങ്ങിയതിന് പിന്നാലെയാണ് അഖിലും ജീവനൊടുക്കിയത്.

തിരുവനന്തപുരം: സിവിൽ പൊലീസ് ഓഫീസറെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കോവളം വെള്ളാർ സ്വദേശി അഖിലിനെയാണ് (27) മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയുടെ ഫാനിൽ ബഡ്ഷീറ്റുപയോഗിച്ച് കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. രണ്ടര വർഷം മുൻപ് പൊലീസിൽ പ്രവേശിച്ച അഖിൽ തിരുവനന്തപുരം എആർ ക്യാമ്പിലായിരുന്നു. ഇതിനിടയിൽ വയനാട്ടിൽ നിന്ന് പഠനത്തിനായി തിരുവനന്തപുരത്ത് എത്തി താമസിക്കുന്ന യുവതിയുമായി അഖിൽ അടുപ്പത്തിലായിരുന്നതായി പൊലീസ് പറയുന്നു. യുവതി സുഹൃത്തുക്കൾക്കൊപ്പം താമസിക്കുന്ന വാടക വീട്ടിൽ കഴിഞ്ഞ ദിവസം രാത്രിയിൽ ആത്മഹത്യ ചെയ്തിരുന്നു. യുവതിയുടെ മരണ വിവരമറിഞ്ഞ് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ പോയി യുവതിയുടെ മൃതദേഹം കണ്ട ശേഷം കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെ അഖിൽ വീട്ടിൽ തിരിച്ചെത്തിയിരുന്നു.

പൊലീസ് ക്യാമ്പിൽ പോകുന്നതായി അറിയിച്ച് പോയ മകൻ ഒരു മണിക്കൂറിനുള്ളിൽ തിരികെയെത്തിയത് കണ്ട് മാതാവ് കാര്യം തിരക്കിയെങ്കിലും വ്യക്തമായ മറുപടിയുണ്ടായില്ലെന്നും ബന്ധുക്കൾ പറയുന്നു. കാർ വാങ്ങിയതും പോസ്റ്റ് ഓഫിസിൽ ഉള്ള പണത്തിന്‍റേതടക്കമുള്ള കണക്കുകൾ കാണിച്ച് രാത്രി രണ്ടേകാലോടെ കൂടെയുള്ള സുഹൃത്തിന് വാട്സ് ആപ് സന്ദേശവും അയച്ച ശേഷമായിരുന്നു ആത്മഹത്യ. ഇന്നലെ രാവിലെ കാപ്പി തയ്യാറാക്കിയ ശേഷം മാതാവ് വിളിച്ചെങ്കിലും മുറിയിൽ നിന്ന് മറുപടിയില്ലായിരുന്നു. തുടർന്ന് ബഡ് റൂമിന്‍റെ വാതിൽ തള്ളിത്തുറന്ന്നോക്കിയപ്പോഴാണ് ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ മൃതദേഹം കാണപ്പെട്ടത്. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം എആർ ക്യാമ്പിലെ പൊതുദർശനത്തിന് ശേഷം സംസ്കരിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)