വ്യവസായിക്കെതിരെ ലൈംഗിക പീഡന പരാതി നൽകാനൊരുങ്ങുകയാണ് ഹണിട്രാപ് കേസിൽ പ്രതിയായ യുവതി.

കൊച്ചി: ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമിച്ചെന്ന വ്യവസായിയുടെ പരാതിയിൽ കൊച്ചിയിൽ ദമ്പതികള്‍ അറസ്റ്റിലായ സംഭവത്തിൽ വൻ ട്വിസ്റ്റ്. തൃശ്ശൂർ സ്വദേശിനിയെയും ഭർത്താവിനേയുമാണ് ഐടി വ്യവസായിയുടെ പരാതിയിൽ കഴിഞ്ഞ ദിവസം കൊച്ചി സെൻട്രൽപൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ ഹണിട്രാപ് ആരോപണം വ്യാജമാണെന്നും വ്യവസായി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് യുവതി പൊലീസിന് നൽകിയ മൊഴി. ആദ്യ ഘട്ടത്തിൽ കൈമാറിയ 50000 രൂപ തനിക്ക് ബാക്കി കിട്ടാനുള്ള ശമ്പളം കുടിശികയാണെന്നും യുവതി പൊലീസിന് മൊഴി നൽകി. വ്യവസായിക്കെതിരെ ലൈംഗിക പീഡന പരാതി നൽകാനൊരുങ്ങുകയാണ് ഹണിട്രാപ് കേസിൽ പ്രതിയായ യുവതി.

കൊച്ചിയിലെ പ്രമുഖ ഐടി വ്യവസായിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്ത ആളാണ് പരാതിക്കാരി. വ്യവസായി നടത്തിയ ലൈംഗിക അതിക്രമം എതിർത്തതോടെ യുവതിയെ കള്ളക്കേസിൽ കുടുക്കുക ആയിരുന്നുവെന്നു പരാതിക്കാരിയുടെ അഭിഭാഷകൻ അഡ്വ. പ്രമോദ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. വ്യവസായിയുടെ ലൈംഗിക അതിക്രമം കാരണമാണ് വിവാഹ ശേഷം യുവതി ജോലി രാജി വെച്ചതെന്നാണ് മൊഴി. വിവരം അറിഞ്ഞ ഭർത്താവ് ഐ ടി വ്യവസായിക്ക് എതിരെ പൊലീസ് പരാതി നൽകാനൊരുങ്ങി. ഇതോടെയാണ് യുവതിക്കും ഭർത്താവിനുമെതിരെ ഹണിട്രാപ്പ് പരാതിയുമായി ഐടി വ്യവസായി എത്തിയതെന്നാണ് അഭിഭാഷകൻ പറയുന്നത്.

യുവതി ഹോട്ടലിൽ ഭർത്താവുമായി എത്തിയത് സർട്ടിഫിക്കറ്റ് തിരികെ വാങ്ങാനാണ്. 20 കോടി രൂപയുടെ ചെക്ക് കൈമാറ്റം നടന്നിട്ടില്ലെന്നും, ഹോട്ടലിലെ സിസിടിവി പരിശോധിക്കാൻ പൊലീസ് തയ്യാറായില്ലെന്നും അഭിഭാഷകൻ ആരോപിച്ചു. യുവതിയും ഭർത്താവും ഹോട്ടലിൽ എത്തിയതും ഉടൻ പൊലീസ് അറസ്റ്റ് ചെയ്തുവെന്നും അഡ്വ. പ്രമോദ് പറഞ്ഞു. കേസിൽ യുവതിക്കും ഭർത്താവിനും ഇന്നലെ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ഹോട്ടലിൽ വെച്ച് യുവതിയും ഭർത്താവും പൊലീസിന്‍റെ പിടിയിലാകുന്നത്. രഹസ്യമായി നടത്തിയ ചാറ്റുകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന ഐടി വ്യവസായിയുടെ പരാതിയിൽ ഹോട്ടലിലെത്തിയ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. 30 കോടി രൂപയാണ് ദമ്പതിമാർ ആവശ്യപ്പെട്ടതെന്നും 50,000 രൂപ പണമായി കൈമാറിയെന്നും വ്യവസായിയുടെ പരാതിയിൽ പറയുന്നു. തുടര്‍ന്ന് 10 കോടിയുടെ രണ്ട് ചെക്കുകൾ വീതം നൽകി. ബാക്കി 10 കോടി ബാങ്ക് വഴി അയക്കാമെന്നും പറഞ്ഞുവെന്നാണ് പരാതി. എന്നാൽ ഇതെല്ലാം പീഡനപരാതി നൽകുമെന്ന് മനസിലായതോടെ കള്ളക്കേസിൽ കുടുക്കാൻ കെട്ടിച്ചമച്ച ആരോപണങ്ങളാണെന്നാണ് യുവതിയുടെ അഭിഭാഷകൻ പറയുന്നത്.