നിലമ്പൂർ അതിവേഗ സ്‌പെഷ്യൽ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്

മലപ്പുറം: നിലമ്പൂരിൽ 16 വയസുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ 19കാരന് തടവും പിഴയും ശിക്ഷ. പോത്തുകല്ല് സ്വദേശിയായ ഉണ്ണിക്കുട്ടനാണ് കോടതി ശിക്ഷ വിധിച്ചത്. അഞ്ച് വർഷവും രണ്ട് മാസവും തടവും 5,000 രൂപ പിഴയുമാണ് നിലമ്പൂർ അതിവേഗ സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്ജ് കെ പി ജോയ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം കൂടി തടവ് അനുഭവിക്കണം. പിഴ അടച്ചാൽ തുക അതിജീവിതയ്ക്ക് നൽകും.

2019 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി 12 മണിയോടെ പരാതിക്കാരിയുടെ വീട്ടിൽ കയറി വീട്ടുപറമ്പിലേക്ക് പരാതിക്കാരിയെ കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. കേസുമായി ബന്ധപ്പെട്ട് പ്രതി ജയിലിൽ കിടന്ന കാലം ശിക്ഷയായി പരിഗണിക്കും. വഴിക്കടവ് സ്റ്റേഷൻ സബ് ഇൻ സ്‌പെക്ടർ ആയിരുന്ന ബിഎസ് ബിനു ആണ് കേസന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. 

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സാം കെ ഫ്രാൻസിസ് ഹാജരായി. പ്രോസിക്യൂഷന് വേണ്ടി 12 സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷൻ ലൈസൺ വിങിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ പി സി ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ ശിക്ഷ നടപ്പാക്കുന്നതിനായി തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.

'മോനേ സ്കൂട്ടറെടുത്ത് സാധനം മേടിച്ചുവാ...'; മകൻ നേരെ പൊലീസിന് മുന്നിൽപ്പെട്ടു, അമ്മക്കെതിരെ കേസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം