2011ല്‍ ഉമ്മന്‍ചാണ്ടി നിയമസഭയില്‍ നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള ഓര്‍മകളും ഷാഫി പങ്കുവച്ചു.
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആദരമര്‍പ്പിച്ച് പതിനഞ്ചാം നിയമസഭയുടെ ഒമ്പതാം നിയമസഭ സമ്മേളനത്തിന് തുടക്കമായി. സഭയിലേക്ക് കൈ പിടിച്ച് നടത്തിയ നേതാവിന്റെ സാന്നിധ്യമില്ലാതെ കേരള നിയമസഭ 53 വര്‍ഷത്തില്‍ ആദ്യമായി ചേരുകയാണെന്നും ഉമ്മന്‍ചാണ്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഷാഫി പറമ്പില്‍ പറഞ്ഞു. ഓര്‍മ്മകള്‍ക്ക് മരണമില്ല. ഉമ്മന്‍ ചാണ്ടിയെന്ന വെളിച്ചം ഇനിയും നമ്മളെ നയിക്കുമെന്ന് ഷാഫി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
2011ല്‍ ഉമ്മന്‍ചാണ്ടി നിയമസഭയില്‍ നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള ഓര്‍മകളും ഷാഫി പങ്കുവച്ചു. ''ഞങ്ങള്‍ ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 2011 ല്‍ 100 ദിനകര്‍മ്മ പരിപാടി കഴിഞ്ഞാണെന്നാണ് ഓര്‍മ്മ. നിയമസഭയില്‍ ഒരു ചോദ്യം വരുന്നു. ഈ സര്‍ക്കാര്‍ വന്ന ശേഷം ഇത് വരെ പരസ്യത്തിനായി എത്ര തുക ചിലവഴിച്ചു? മുഖ്യമന്ത്രിയായിരുന്ന സാര്‍ എഴുന്നേറ്റ് ഫയല് നോക്കി തുക പറഞ്ഞു. ഉടനെ പ്രതിപക്ഷത്ത് നിന്ന് ബഹളം തുടങ്ങി.. ധൂര്‍ത്തതാണെന്നും പാഴ്ച്ചിലവാണെന്നുമൊക്കെ അന്നത്തെ പ്രതിപക്ഷ ബെഞ്ചുകളില്‍ നിന്ന് വരുന്ന കമന്റുകള്‍ സാര്‍ ഒരു ചെറു പുഞ്ചിരിയോയോടെ കേട്ട് നിന്നു. ബഹളം ഒന്ന് കെട്ടടങ്ങിയപ്പോള്‍ സാര്‍ പറഞ്ഞു 'ഇത്, കഴിഞ്ഞ LDF സര്‍ക്കാരിന്റെ അവസാന കാലത്തെ പരസ്യങ്ങള്‍ക്ക് ഈ സര്‍ക്കാര്‍ വന്ന ശേഷം കൊടുത്ത തുകയാണ്'. പ്രതിപക്ഷ ബെഞ്ചുകള്‍ പരിപൂര്‍ണ്ണ നിശ്ശബ്ദതയിലേക്ക് പോയി.'-ഷാഫി പറഞ്ഞു.
കേരള രാഷ്ടീയത്തിലെ സുപ്രധാന ഏട് അവസാനിച്ചെന്ന് ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. ആള്‍ക്കൂട്ടത്തെ ഊര്‍ജ്ജമാക്കി ആറ് പതിറ്റാണ്ട് കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞ് നിന്ന വ്യക്തിയായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് സ്പീക്കര്‍ അനുസ്മരിച്ചു. പൊതുപ്രവര്‍ത്തകര്‍ക്ക് ഉമ്മന്‍ചാണ്ടി എന്നും മാതൃകയായിരുന്നു. ജനക്ഷേമത്തിനും സംസ്ഥാന വികസനത്തിനും ഊന്നല്‍ നല്‍കിയിരുന്ന പൊതു പ്രവര്‍ത്തകനും നിയമസഭാ സാമാജികനും ആയിരുന്നു ഉമ്മന്‍ചാണ്ടിയെന്നും സ്പീക്കര്‍ അനുസ്മരിച്ചു.
'ജനക്കൂട്ടമായിരുന്നു ഉമ്മൻ ചാണ്ടിയുടെ ഇന്ധനം, ചെറിയ സങ്കടങ്ങളുമായി വരുന്നവരെ പോലും നിരാശപ്പെടുത്തിയില്ല'

