രണ്ട് മൃതദേഹവും നാട്ടിലേക്ക് അയക്കുന്നതിന്റെ രേഖകൾ ഒരു ദിവസമാണ് പൂര്‍ത്തിയാക്കിയത്. ഒരു ആംബുലൻസിലാണ് രണ്ട് മൃതദേഹങ്ങളും നാട്ടിലെക്കെത്തിക്കാന്‍ വിമാനത്താവളത്തില്‍ എത്തിച്ചതും.
കായംകുളം: കടലാഴം സങ്കടം ഉള്ളിൽ നീറ്റലായി നിറയുമ്പോഴും പൊഴിക്കാൻ ഇറ്റ് കണ്ണീരില്ലാതെ അനുഷ അച്ഛന്റെ ചിതക്ക് തീകൊളുത്തി. സൗദിയിൽ മരിച്ച വള്ളികുന്നം കാരാഴ്മ കണിയാൻ വയലിൽ ഷാജിരാജന്റെ (50) മൃതദേഹം വീട്ടുകാർ വെള്ളിയാഴ്ച സംസ്കരിച്ചു. കാർഗോ കമ്പനിയുടെ വീഴ്ചമൂലം യു പി സ്വദേശി ജാവേദ് അഹമ്മദ് ഇദ്രീസിയുടെ (51) മൃതദേഹമാണ് ഷാജിയുടേതെന്ന് തെറ്റിദ്ധരിച്ച് ആദ്യം സംസ്കരിച്ചത്.
കഴിഞ്ഞ ജൂലൈ 18 നാണ് ഷാജിയെ സൗദിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാല്‍, ഷാജിക്ക് പകരം ആറ് ദിവസം മുമ്പ് മരണപ്പെട്ട യു പി സ്വദേശി ജാവേദിന്റെ മൃതദേഹമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. മൃതദേഹങ്ങള്‍ തമ്മില്‍ മാറിപ്പോയതറിയാതെ കഴിഞ്ഞ 30 ന് ഷാജിയുടെ വീട്ടുകാര്‍ മൃതദേഹം ഏറ്റുവാങ്ങി സംസ്കരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഷാജിയുടെയും അഹമ്മദ് ഇദ്രീസിയുടെയും മൃതദേഹങ്ങള്‍ തമ്മില്‍ മാറിപ്പോയെന്ന അറിയിപ്പ് ഷാജിയുടെ വീട്ടുകാര്‍ക്ക് ലഭിക്കുന്നത്.
നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലേക്ക് അയച്ചപ്പോൾ കാർഗോ കമ്പനിക്കുണ്ടായ വീഴ്ചയാണ് മൃതദേഹം മാറാൻ കാരണമെന്നാണ് കമ്പനി അറിയിച്ചത്. തുടർന്ന്, വീണ്ടും നടപടികൾ പൂർത്തിയാക്കിയാണ് ഇപ്പോള്‍ യഥാർത്ഥ മൃതദേഹം വീട്ടിലെത്തിച്ചത്. രണ്ട് മൃതദേഹവും നാട്ടിലേക്ക് അയക്കുന്നതിന്റെ രേഖകൾ ഒരു ദിവസമാണ് പൂര്‍ത്തിയാക്കിയത്. ഒരു ആംബുലൻസിലാണ് രണ്ട് മൃതദേഹങ്ങളും നാട്ടിലെക്കെത്തിക്കാന്‍ വിമാനത്താവളത്തില്‍ എത്തിച്ചതും. എന്നാല്‍, ഈ സമയം പെട്ടിയിൽ ലേബലുകൾ പതിച്ചപ്പോള്‍ സംഭവിച്ച പിഴവാണ് മൃതദേഹം മാറിപ്പോകാനുള്ള കാരണമായി കമ്പനി അറിയിച്ചത്. ദമ്മാമിൽ നിന്നും ശ്രീലങ്കൻ എയർലൈൻസിൽ ഷാജിയുടെയും ഇൻഡിഗോയിൽ ജാവേദിന്റെയും മൃതദേഹങ്ങൾ അയക്കാനാണ് ബുക്ക് ചെയ്തിരുന്നത്. ലേബൽ മാറിയതിനാൽ ഇതും പരസ്പരം മാറി.
ജാവേദിന്റെ മൃതദേഹം ഡൽഹിയിൽ നിന്ന് ആംബുലൻസിൽ വീട്ടിലേക്ക് കൊണ്ട് പോകുന്നതിനിടെ ബന്ധുക്കള്‍ പേര് ശ്രദ്ധിച്ചപ്പോഴാണ് മൃതദേഹം മാറിപ്പോയത് അറിയുന്നത്. വിവരം ബന്ധപ്പെട്ടവരെ അറിയിക്കുമ്പോഴേക്കും ഷാജിയുടേത് എന്ന ധാരണയിൽ ജാവേദിന്റെ മൃതദേഹം വള്ളികുന്നത്ത് ചിതയൊരുക്കി ദഹിപ്പിച്ചിരുന്നു. ഷാജിരാജന്റെ മൃതദേഹം ചടങ്ങുകളോടെ സംസ്കരിക്കാനായതിൽ ബന്ധുക്കൾ ആശ്വാസം കൊള്ളുമ്പോൾ ജാവേദിന്റെ കുടുംബത്തിന്റെ ദുഖം ഇരട്ടിച്ചു. ജാവേദിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ ശേഖരിക്കാന്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ മാറിയത് സംബന്ധിച്ച് നടപടി ആവശ്യപ്പെട്ട് ഇരുകൂട്ടരും അധികൃതർക്ക് പരാതി നൽകി.
