Asianet News MalayalamAsianet News Malayalam

ഇഷ്ട സീരിയല്‍ നമ്പറുള്ള കറന്‍സികളുടെ ഒരു ലക്ഷം രൂപയോടടുക്കുന്ന ശേഖരവുമായി ഷാനവാസ്

പഴയ കറന്‍സികള്‍ ശേഖരിക്കുന്നവര്‍, നാണയങ്ങള്‍ ശേഖരിക്കുന്നവര്‍, വിവിധ രാജ്യങ്ങളുടെ കറന്‍സികള്‍ ശേഖരിക്കുന്നവര്‍ തുടങ്ങി പലതരം സന്തോഷങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരുണ്ട്. അക്കൂട്ടത്തില്‍ വ്യത്യസ്തനായ ഒരു കറന്‍സി കാത്തുസൂക്ഷിപ്പുകാരനെയാണ് ഇവിടെ പരിചയപ്പെടുന്നത്

Shanavas  collection of currencies with a favorite serial number of one lakh rupees
Author
Kerala, First Published May 31, 2020, 6:15 PM IST

തിരുവനന്തപുരം: പഴയ കറന്‍സികള്‍ ശേഖരിക്കുന്നവര്‍, നാണയങ്ങള്‍ ശേഖരിക്കുന്നവര്‍, വിവിധ രാജ്യങ്ങളുടെ കറന്‍സികള്‍ ശേഖരിക്കുന്നവര്‍ തുടങ്ങി പലതരം സന്തോഷങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരുണ്ട്. അക്കൂട്ടത്തില്‍ വ്യത്യസ്തനായ ഒരു കറന്‍സി കാത്തുസൂക്ഷിപ്പുകാരനെയാണ് ഇവിടെ പരിചയപ്പെടുന്നത്.  ഇഷ്ടനമ്പറുള്ള കറന്‍സികളുടെ അപൂര്‍വ്വശേഖരമാണ് ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. 313 ലും 786ലും അവസാനിക്കുന്ന നോട്ടുകളാണ് തലസ്ഥാന ജില്ലയിൽ മോഹനപുരം സ്വദേശിയായ അൻപതുകാരൻ ഷാനവാസ് വെള്ളൂരാന്റെ ശേഖരത്തിലുള്ളത്.

ഈ സീരീസിലുള്ള കറന്‍സികളുടെ വലിയൊരു ശേഖരം തന്നെ ഇദ്ദേഹത്തിനുണ്ട്.  പണത്തിന്‍റെ മൂല്യത്തേക്കാള്‍ വിലയുണ്ട് തന്‍റെ ശേഖരത്തിന് എന്നാണ് ഷാനവാസിന്‍റെ പക്ഷം. അതുകൊണ്ടുതന്നെ ഒരു നിധിപോലെ സൂക്ഷിക്കുകയാണ് അദ്ദേഹം തന്‍റെ കറന്‍സി ശേഖരം. 20 വർഷം മുന്നേയുള്ള പ്രവാസ ജീവിതത്തിനിടെയാണ് ഷാനവാസ് തന്‍റെ ഇഷ്ട നമ്പറുള്ള നോട്ടുശേഖരണം തുടങ്ങിയത്.

കഴിഞ്ഞ 10 വർഷമായി നാട്ടിൽ സ്ഥിരതാമസമാക്കി. 2016ലെ  നോട്ട് നിരോധനത്തോടെ തന്‍റെ കൈവശമുണ്ടായിരുന്ന ഒരു ലക്ഷത്തിന് പുറത്തുള്ള 786, 313 നമ്പറുള്ള 1000 ത്തിന്‍റെയും 500ന്‍റെയും നോട്ടുകളാണ് ബാങ്കിൽ കൊടുത്ത് മാറ്റി വാങ്ങിയത്. അതിന് ശേഷവും തന്‍റെ  വിശ്വാസങ്ങൾ മനസിൽ സൂക്ഷിച്ച് ഷാനവാസ് വീണ്ടും നോട്ടുശേഖരം തുടര്‍ന്നു. അതിപ്പോൾ ഒരു ലക്ഷം രൂപയോളം അടുക്കുകയാണ്.

10 വർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ നാട്ടിൽ അവധിക്ക് എത്തുമ്പോഴും തന്‍റെ പ്രിയപ്പെട്ട നമ്പറിലുള്ളനോട്ടുകൾ കണ്ടെത്തുന്നതിൽ ഷാനവാസ് സമയം കണ്ടെത്താറുണ്ടായിരുന്നു. ആദ്യകാലത്ത് ചെറിയ രീതിയില്‍ ആരംഭിച്ച കറന്‍സി ശേഖരണം, നാട്ടില്‍  സ്വന്തമായി സംരഭം തുടങ്ങിയതോടെ വേഗത്തിലായി. നിലവിൽ 786 ലും 313ലും അവസാനിക്കുന്ന നമ്പറിലുള്ള ഒരു രൂപ നോട്ടുമുൽ 2000 വരെയുള്ള നോട്ടുകളുടെ വൻശേഖരമാണ് ഷാനവാസിന്‍റെ കയ്യിലുള്ളത്.

സാമ്പത്തികമായി പല ആവർത്തി ബുദ്ധിമുട്ടിയപ്പോഴും ലോക്ക് ഡൗണിലേറ്റ കടുത്ത വിഷമഘട്ടത്തിലും ഈ ശേഖരത്തിൽ നിന്നും ഒരു രൂപ പോലും ഷാനവാസ് എടുത്ത് ചെലവഴിച്ചിട്ടില്ല, 14 ഉം എട്ടും പ്രായമുള്ള രണ്ട് പെൺമക്കളുടെ വിവാഹവുമായി ബന്ധപ്പെട്ട് എന്നെങ്കിലും ആവശ്യങ്ങൾ വരുകയാന്നെങ്കിൽ മാത്രമെ ഈ പണം താൻ ചിലവഴിക്കൂ എന്ന ദൃഢനിശ്ചയത്തിലാണ് ഷാനവാസ്.

20 വർഷം മുൻപ് ഭാരതസർക്കാർ ശ്രീനാരായണ ഗുരുവിനെ ആദരിച്ചുകൊണ്ട് പുറത്തിറക്കിയ അഞ്ച് രൂപയുടെ നാണയവും ഷാനവാസ് നിധിപോലെ സൂക്ഷിക്കുന്നു.
ഷാനവാസിന്‍റെ കാറിന്‍റെ രജിസ്ട്രേഷൻ നമ്പറും 313 ആണ്. കാറിന്‍റെ നമ്പര്‍ സ്വന്തമാക്കാന്‍ ഒത്തരി ബുദ്ധിമുട്ടിയെന്നും ഷാനവാസ് പറയുന്നു. ഇരുചക്രവാഹനത്തിന്‍റെ രജിസ്ട്രേഷൻ നമ്പറായ 7005ല്‍ അവസാനിക്കുന്ന സീരിയല്‍ നമ്പറുള്ള കറന്‍സികളുടെ മറ്റൊരു ശേഖരവും ഷാനവാസിനുണ്ട്.

Follow Us:
Download App:
  • android
  • ios