വാടക വീടുകൾക്കായി ഒരുപാടലഞ്ഞു. ശരണിന്‍റെ ഒരുമാസത്തെ ശമ്പളത്തിന് മുകളിലായിരുന്നു വീടുകളുടെ വാടക. പ്രസവാവധിയിലായതിനാൽ സ്വാതിക്കും വരുമാനമില്ല. 

തൃശൂർ: തലചായ്ക്കാനുണ്ടായിരുന്ന വീട് പ്രളയം ഇല്ലാതാക്കിയതോടെ മൂന്ന് മാസം പ്രായമായ കുഞ്ഞും വാർദ്ധക്യം തളർത്തിയ അമ്മയുമായി നഴ്സിംഗ് ദമ്പതികൾ അലയുന്നു. ചാഴൂർ പഞ്ചായത്തിൽ കുറുമ്പിലാവ് വില്ലേജിലെ പെരിങ്ങോട്ടുകര കിഴക്കുമുറി സ്വദേശികളായ ശരണും ഭാര്യ സ്വാതിയും നേഴ്സുമാരാണ്. പ്രളയത്തിൻറെ മുന്നറിയിപ്പ് വന്നയുടനെ കുഞ്ഞിനെയും ശരണിന്‍റെ അമ്മയെയും കൂട്ടി ഇവര്‍ ചിറയ്ക്കൽ കുറുമ്പിലാവ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയിരുന്നു. 

സ്വന്തമായുണ്ടായിരുന്ന വീട്ടിലേക്കൊരു മടക്കമെന്നത് ശരണിനും കുടുംബത്തിനും ഇപ്പോഴൊരു സ്വപ്നമാണ്. പിഞ്ചോമനയെയും കൊണ്ട് പ്രാണരക്ഷാർത്ഥം ക്യാമ്പിലെത്തിയതിന് പുറകേ പ്രളയത്തില്‍ കുതിർത്ത വീട് നിലം പൊത്തി. 

സർവ്വതും തകർന്നടിഞ്ഞതിന്‍റെ വേദനയിൽ ദുരിതാശ്വാസ ക്യാമ്പിൽ ദിവസങ്ങളോളം കഴിഞ്ഞു. ക്യാമ്പ് അവസാനിച്ചതോടെ പെരുവഴിയിലായ അവസ്ഥ. വാടക വീടുകൾക്കായി ഒരുപാടലഞ്ഞു. ശരണിന്‍റെ ഒരുമാസത്തെ ശമ്പളത്തിന് മുകളിലായിരുന്നു വീടുകളുടെ വാടക. പ്രസവാവധിയിലായതിനാൽ സ്വാതിക്കും വരുമാനമില്ല. കുടുംബത്തിന്‍റെ ചെലവും ഭാര്യയുടെയും കുഞ്ഞിന്‍റെയും വാർദ്ധക്യകാല രോഗങ്ങളുള്ള അമ്മയുടെയും ആരോഗ്യവുമെല്ലാം ശരണിന്‍റെ തുച്ഛമായ വരുമാനത്തിലൊതുങ്ങി. 

മുന്തിയ വാടക നൽകി പുതിയൊരു താമസ സ്ഥലമെന്നത് സ്വപ്നമാകുമോയെന്ന ആശങ്കയിലായിരുന്നു. അലച്ചലുകൾക്കൊടുവിൽ നിലവിലെ താമസസ്ഥലത്തിന് 35 കിലോ മീറ്ററുകൾക്കപ്പുറത്ത് അടാട്ട് ചിറ്റിലപ്പിള്ളിയിൽ ഒരു വാടക വീട് കിട്ടി. ശരണും കുടുംബവും അവിടേക്ക് താമസം മാറി. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍റെയും മറ്റും സഹായത്താൽ വീട്ടാവശ്യത്തിനുള്ള സാമഗ്രികളും കിട്ടി. എന്നാല്‍ ഇനിയെങ്ങനെ മുന്നോട്ട് പോകുമെന്നത് ശരണിനിപ്പോഴും ചോദ്യമാണ്. 

മാലാഖമാരെന്ന വിളിപ്പേരുണ്ടെങ്കിലും ശരണിനെ പോലുള്ളവരുടെ ജീവിതം നരക തുല്യമാണ്. സര്‍ക്കാര്‍ നിശ്ചയിച്ച പുതുക്കിയ ശമ്പളം കിട്ടിത്തുടങ്ങിയിട്ട് അധികകാലമായില്ല. പുതിക്കിയ ശമ്പളം കയ്യിൽ കിട്ടും മുമ്പേ കിടപ്പാടം നഷ്ടമായി. നേരത്ത, ഷിഫ്റ്റടിസ്ഥാനത്തിലുള്ള ജോലിയുടെ ഒഴിവ് വേളകളിൽ ഓട്ടോ റിക്ഷ ഓടിച്ചും പെട്രോൾ പമ്പിൽ പാർട്ടൈമായി നിന്നുമാണ് ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്.

ശരണും സ്വാതിയും നഴ്സിംഗ് പഠനത്തിനായെടുത്ത ലോൺ ഇനിയും അടച്ച് തീര്‍ന്നിട്ടില്ല. അതിനിടയിലാണ് മഹാപ്രളയത്തില്‍ ജീവിതത്തിന്‍റെ താളമാണ് നഷ്ടമായത്. കുടുംബത്തിനുണ്ടായ ബാധ്യതകൾക്ക് പരിഹാരം തേടി പഴയ വീട് വിൽക്കുകയും അതിൽ നിന്നൊരു ഭാഗമെടുത്ത് രണ്ട് വർഷം മുമ്പാണ് പെരിങ്ങോട്ടുകരയിൽ വീട് വാങ്ങിയത്. അത് പ്രളയത്തില്‍ തകര്‍ന്നു. രോഗിയായ അമ്മയേയും പറക്കമുറ്റാത്ത കുഞ്ഞുമായി സ്വന്തമായൊരു വീട്ടിലേക്ക് എന്ന് മാറാന്‍ കഴിയുമെന്ന ആശങ്കയിലാണ് ശരണും ഭാര്യയും.