ദേശീയ പാത ഉദ്യോഗസ്ഥരുടെ അനാസ്ഥയ്‌ക്കെതിരെ 'ജനകീയ പടയൊരുക്ക' ത്തിനും സൂചനാ ഹര്‍ത്താലിനും ആഹ്വാനം. അതീവ ശോച്യാവസ്ഥയിലുള്ള കോഴിക്കോട്-എറണാകുളം ദേശീയപാത 17 ചെന്ത്രാപ്പിന്നിയിലെ ഗര്‍ത്തങ്ങള്‍ അടച്ചു അപകടാവസ്ഥ ഒഴിവാക്കാന്‍ അധികൃതര്‍ നല്‍കിയ സമയപരിധി കഴിഞ്ഞതിനെ തുടര്‍ന്നാണ് ജനകീയ സമിതി പ്രത്യക്ഷസമരത്തിനൊരുങ്ങിയിരിക്കുന്നത്. 

തൃശൂര്‍: ദേശീയ പാത ഉദ്യോഗസ്ഥരുടെ അനാസ്ഥയ്‌ക്കെതിരെ 'ജനകീയ പടയൊരുക്ക' ത്തിനും സൂചനാ ഹര്‍ത്താലിനും ആഹ്വാനം. അതീവ ശോച്യാവസ്ഥയിലുള്ള കോഴിക്കോട്-എറണാകുളം ദേശീയപാത 17 ചെന്ത്രാപ്പിന്നിയിലെ ഗര്‍ത്തങ്ങള്‍ അടച്ചു അപകടാവസ്ഥ ഒഴിവാക്കാന്‍ അധികൃതര്‍ നല്‍കിയ സമയപരിധി കഴിഞ്ഞതിനെ തുടര്‍ന്നാണ് ജനകീയ സമിതി പ്രത്യക്ഷസമരത്തിനൊരുങ്ങിയിരിക്കുന്നത്. ജനകീയ പടയൊരുക്കം എന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി നാളെ ഉച്ചവരെ റോഡ് ഉപരോധവും സൂചനാ ഹര്‍ത്താലും നടക്കും. ദേശീയ പാത അധികൃതര്‍ക്കെതിരെ പൊലീസില്‍ പരാതിയും നല്‍കും. 

നാളെ രാവിലെ 11 മുതല്‍ ഒന്നുവരെ ചെന്ത്രാപ്പിന്നിയില്‍ കടകള്‍ അടച്ചിട്ടും ടാക്‌സി, ഓട്ടോ തൊഴിലാളികള്‍ വാഹനങ്ങള്‍ ഓടിക്കാതെയും സൂചനാ ഹര്‍ത്താല്‍ ആചരിച്ച്, ദേശീയ പാത ഉപരോധിക്കാനാണ് ചെന്ത്രാപ്പിന്നി ജനകീയ സമിതിയുടെ തീരുമാനം. തുടര്‍ന്ന് അധികൃതര്‍ നിസംഗത തുടര്‍ന്നാല്‍ ദേശീയപാത അധികൃതരുടെ ഓഫീസില്‍ ഉപരോധവും നിരാഹാര സമരവും ഉള്‍പ്പെടെയുള്ള സമരമാര്‍ഗത്തിലേക്ക് നീങ്ങുമെന്നും സമിതി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ദേശീയപാത 17 ചെന്ത്രാപ്പിന്നിയിലെ അപകട ഗര്‍ത്തങ്ങള്‍ നികത്തി ഗതാഗതം സുഗമമാക്കാന്‍ 40 ലക്ഷം രൂപ അനുവദിച്ചതായി ദേശീയപാത അധികൃതര്‍ അറിയിക്കുകയും ഇക്കഴിഞ്ഞ 15 ന് ടാറിംഗ് ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ നടത്താമെന്ന് ജനകീയ സമിതിക്ക് ഉറപ്പും നല്‍കിയിരുന്നു. ഈ സമയ പരിധി കഴിഞ്ഞിട്ടും ടാറിംഗും ഇന്റര്‍ലോക്ക് വിരിക്കലും ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് റോഡ് ഉപരോധിക്കുന്നത്. ക്വാറി വേസ്റ്റ് നിറച്ച് കുഴികള്‍ അടയ്ക്കാന്‍ വന്നാല്‍ തടയുമെന്നും പതിനഞ്ചാം തിയതി കഴിഞ്ഞ് പണികള്‍ ആരംഭിച്ചില്ലെങ്കില്‍ റോഡ് ഉപരോധം നടത്തുമെന്നും ജനകീയ സമിതി നേരത്തെതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

ചെന്ത്രാപ്പിന്നിയില്‍ കൊടുങ്ങല്ലൂര്‍ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന് തെക്കുഭാഗത്ത് വെള്ളക്കെട്ട് അനുഭവപ്പെടുന്ന ഭാഗത്താണ് റോഡ് ഏറ്റവും കൂടുതലായി തകര്‍ന്ന് കിടക്കുന്നത്. റോഡിന്റെ അതീവ ശോച്യാവസ്ഥയെത്തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ ഒരാഴ്ചക്ക് മുന്‍പ് ജനകീയ സമിതി യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് ദേശീയ പാത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുകയും റോഡിന്റെ അവസ്ഥ നേരില്‍ കണ്ടു ബോധ്യപ്പെടുകയും ചെയ്തു. ഇതിന് ശേഷമാണ് അധികൃതര്‍ ഈ മാസം 15 ന് ടാറിംഗും കട്ട വിരിക്കലും ആരംഭിക്കുമെന്ന് ഉറപ്പ് നല്‍കിയത്.

ജനകീയ സമിതി പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധത്തെ ത്തുടര്‍ന്ന് 16 ന് വൈകീട്ട് എത്തിയ ദേശീയ പാത ഉദ്യോഗസ്ഥര്‍ 180 മീറ്ററില്‍ കട്ട വിരിക്കാനായി അളവുകള്‍ എടുക്കുകയും വെള്ളിയാഴ്ചയോ ശനിയാഴ്ചയോ പ്രവൃത്തികള്‍ ആരംഭിക്കുമെന്നും ഉറപ്പ് നല്‍കിയതായും ജനകീയ സമിതി ഭാരവാഹി ഷമീര്‍ എളേടത്ത് പറഞ്ഞു. എന്നാല്‍ നിര്‍മാണ പ്രവൃത്തികള്‍ എന്ന് ആരംഭിക്കുമെന്ന് ഉറപ്പ് പറയാന്‍ കഴിയില്ലെന്ന് ശനിയാഴ്ച അധികൃതര്‍ ജനകീയ സമിതി പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ജനകീയ സമിതി അടിയന്തരമായി യോഗം ചേര്‍ന്ന് സമരത്തിലേക്ക് നീങ്ങാന്‍ തീരുമാനമെടുത്തത്.