ആധുനിക തെരഞ്ഞെടുപ്പ് പ്രചരണ രീതികളെ വെല്ലുവിളിച്ച് മെഗാഫോൺ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണ് കൂനത്തറ സ്വദേശിയായ 72 കാരൻ ശിവകരൻ. പനയൂർ 19 ആം വാർഡിലെ ഇടതുപക്ഷ സ്ഥാനാർത്ഥിക്ക് വേണ്ടി ഈ സീസണിലെ അവസാന പ്രചരണം നടത്തി. 

പാലക്കാട്: ഇന്നലെ വടക്കൻ ജില്ലകളിൽ മുഴുവൻ നാടും നഗരവും തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന്റെ ചൂടിലായിരുന്നു. കാലം മാറുന്നതിനനുസരിച്ച് ആധുനിക രീതിയിലുള്ള പല തരത്തിലുള്ള പ്രചരണ രീതികൾക്കാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് കാലം സാക്ഷ്യം വഹിച്ചത്. എന്നാൽ, ഇതിൽ നിന്ന് വ്യത്യസ്തനാവുകയാണ് വാണിയംകുളം കൂനത്തറ സ്വദേശിയായ 72 കാരൻ ശിവകരൻ. പഴയകാലത്തെ തെരഞ്ഞെടുപ്പ് പ്രചാരണ രീതികളെ മുറുകെപ്പിടിച്ച് ജെൻസികൾക്ക് വരെ അത്ഭുതമായി ഈ മനുഷ്യൻ. അനൗൺസ്മെന്റ് വാഹനങ്ങൾ തലങ്ങും വിലങ്ങും ചീറിപ്പായുമ്പോഴും ശിവകരന്റെ മെഗാഫോൺ പ്രചരണത്തിന് ഉശിരൊട്ടും കുറഞ്ഞില്ല. പനയൂർ 19 ആം വാർഡിലെ ഇടതുപക്ഷ സ്ഥാനാർത്ഥി കെ നിർമലയ്ക്ക് വേണ്ടിയായിരുന്നു ഈ സീസണിലെ അവസാന പ്രചരണം.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മൈക്ക് കെട്ടിയ വാഹനങ്ങളൊന്നും ഇല്ലാത്ത പഴയകാലത്ത് ശീലിച്ചു പോന്ന രീതികളെ ഉപേക്ഷിക്കാൻ ശിവകരൻ്റെ മനസ് അനുവദിക്കുന്നില്ല. പ്രായം 72 ആണെന്ന് ശിവകരനെ കണ്ടാൽ പറയില്ല. 20 വർഷക്കാലം മയിൽ വാഹനം ബസ്സിലെ ഡ്രൈവറായിരുന്നു ശിവകരൻ. ഇപ്പോൾ ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുന്നു. പഴയ കാലത്ത് നാട്ടിലെ മുതിർന്ന കമ്മ്യൂണിസ്റ്റുകാർക്കൊപ്പം ചേർന്ന് പ്രവർത്തിച്ച് പാർട്ടിയുടെ സജീവ പ്രവർത്തകനായി. ഇപ്പോഴും പാർട്ടിയുടെ അംഗത്വത്തിൽ സജീവമായി നിലകൊള്ളുന്നു.

വീട് സ്ഥിതി ചെയ്യുന്ന കൂനത്തറ പതിനാറാം വാർഡിലെ ഇടതുപക്ഷ സ്ഥാനാർഥിക്ക് വേണ്ടി അതിരാവിലെ പ്രചരണം തുടങ്ങുമായിരുന്നു. പ്രായം തളർത്താത്ത പോരാട്ടവീര്യവുമായി വാർഡിലെ പല പ്രദേശങ്ങളിലും ശിവകരന്റെ ഗാംഭീര്യമുള്ള അനൗൺസ്മെൻറ് എത്തി. സമീപവാർഡുകളിൽ പ്രവർത്തകരുടെ അഭ്യർത്ഥന മാനിച്ചും ശിവകരൻ പ്രചാരണത്തിന് ഇറങ്ങിയിരുന്നു. ഈ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്തെ പരസ്യപ്രചാരണം കൊട്ടിക്കലാശത്തിലൂടെ അവസാനിച്ചപ്പോഴും ജനങ്ങളുടെ കാതുകളിൽ ഇപ്പോഴും ശിവകരൻ്റെ മെഗാഫോൺ ഒച്ച മുഴങ്ങുകയാണ്.