തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച തമിഴ്നാട് സ്വദേശി സി. ശിവകുമാറിന്റെ അവയവങ്ങൾ അഞ്ചു പേർക്ക് പുതുജീവനേകി. ബന്ധുക്കളുടെ സമ്മതത്തോടെ അദ്ദേഹത്തിന്റെ രണ്ട് വൃക്കകളും, കരളും, രണ്ട് നേത്രപടലങ്ങളും ദാനം ചെയ്തു.

തിരുവനന്തപുരം: തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച തമിഴ്നാട് സ്വദേശി സി. ശിവകുമാറിന്റെ (54) അവയവങ്ങൾ അഞ്ചു പേർക്ക് പുതുജീവനേകും. തമിഴ്നാട് നെയ്‌വേലി, വീന തോപ്പ്, പെരുമാൾ കോയിൽ സ്വദേശി സി. ശിവകുമാറിന്റെ രണ്ട് വൃക്കകളും കരളും രണ്ട് നേത്രപടലങ്ങളുമാണ് ബന്ധുക്കളുടെ സമ്മതത്തോടെ ദാനം ചെയ്തത്. കേബിൾ ജോയിന്റർ ആയി ജോലി ചെയ്തുവരികയായിരുന്ന ശിവകുമാർ, ജോലി ആവശ്യത്തിനായി കൊല്ലത്തു എത്തിയതായിരുന്നു. ഓഗസ്റ്റ് നാലിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ശിവകുമാറിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് തലച്ചോറിലെ രക്തസ്രാവം മൂലം ഓഗസ്റ്റ് അഞ്ചിന് തിരുവനന്തപുരം കിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

ഓഗസ്റ്റ് ഏട്ടിന് രാത്രി 8.37നാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. തുടർന്ന് കുടുംബാംഗങ്ങൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു.കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവദാന പ്രക്രിയകൾ ഏകോപിപ്പിച്ചത്. ഒരു വൃക്ക തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളെജിൽ ചികിത്സയിലുള്ള രോഗിക്കും മറ്റൊരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗികൾക്കുമാണ് മാറ്റിവെച്ചത്. രണ്ട് നേത്ര പടലങ്ങൾ തിരുവനന്തപുരം റീജിയനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്തൽമോളജിയിൽ ചികിത്സയിലുള്ള രോഗികൾക്കും നൽകി.തീരാ വേദനയിലും അവയവദാനത്തിന് സന്നദ്ധരായ കുടുംബത്തത്തോട് ആരോഗ്യ മന്ത്രി കെ.മുരളീധരൻ ആദരവ് അറിയിച്ചു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു. എസ് വനിതയാണ് ശിവകുമാറിന്റെ ഭാര്യ. മക്കൾ: എസ്. വിജയകുമാർ, എസ്. അരുൺകുമാർ. മരുമകൾ എ കീർത്തിക.