ബ്ലാങ്ക് ചെക്ക് വരെ വാങ്ങിവച്ചു, ബുദ്ധിയെല്ലാം സരിതയുടേത്; പക്ഷെ അവരിൽ നിന്ന് ക്വട്ടേഷൻ സംഘം തട്ടിയത് 18 ലക്ഷം
ഇദ്ദേഹത്തിന് ഒരു കോടിക്കടുത്തു നിക്ഷേപം ഉണ്ടെന്നു മനസിലാക്കിയാണ് മിനി മുത്തൂറ്റ് നിധി ഓലയില് ശാഖാ മനേജര്‍ സരിതയും അവിടുത്തെ തന്നെ അക്കൗണ്ടന്റ് ആയ അനൂപും തട്ടിപ് ആസൂത്രണം ചെയ്തത്.
കൊല്ലം: വിരമിച്ച ബിഎസ്എൻഎൽ ഉദ്യോഗസ്ഥന്‍ പാപ്പച്ചനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നല്‍കിയ മിനി മുത്തൂറ്റ് നിധി ഓലയിൽ ശാഖാ മനേജരായ സരിത, മറ്റ് അക്കൗണ്ടുകൾ വഴിയും സമാനമായ തട്ടിപ്പ് നടത്തിയതായി പൊലീസിന് സൂചന. കൊലയ്ക്കും സാന്പത്തിക തട്ടിപ്പിനും പിന്നിൽ ഇവര്‍ക്ക് പുറത്തുനിന്ന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നും പൊലീസ് അന്വഷിക്കുന്നുണ്ട്. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്ത്, ഗൂഡലോചന മുഴുവൻ പുറത്തുകൊണ്ട് വരാനാണ് പോലിസ് ശ്രമം.
കൊല്ലപ്പെട്ട പാപ്പാച്ചാന് ബന്ധുക്കളുമായി വലിയ ബന്ധമില്ലെന്നും അത്കൊണ്ടു തന്നെ എന്തെങ്കിലും സംഭവിച്ചാൽ കാര്യമായ അന്വേഷണം ഉണ്ടാവില്ലെന്നുമായിരുന്നു പ്രതികളുടെ കണക്ക് കൂട്ടൽ. വിവിധ ബാങ്കുകളിലായി ഇദ്ദേഹത്തിന് ഒരു കോടിക്കടുത്തു നിക്ഷേപം ഉണ്ടെന്നു മനസിലാക്കിയാണ് മിനി മുത്തൂറ്റ് നിധി ഓലയില് ശാഖാ മനേജര്‍ സരിതയും അവിടുത്തെ തന്നെ അക്കൗണ്ടന്റ് ആയ അനൂപും തട്ടിപ് ആസൂത്രണം ചെയ്തത്.
പാപ്പച്ചന്റെ വീട്ടിൽ നിത്യ സന്ദർശകനായിരുന്നു അനൂപ്. അനൂപിനെയും സരിതയെയും കണ്ണടച്ച് വിശ്വസിച്ച പാപ്പച്ചൻ, ബ്ലാങ്ക് ചെക്കുകൾ വരെ ഇവരെ വിശ്വസിച്ചു ഏൽപ്പിച്ചിരുന്നുവെന്നു പൊലിസ് കണ്ടെത്തിയിട്ടുണ്ട്. മറ്റു ബാങ്ക് അക്കൌണ്ടകളിൽ നിന്ന് പണം പിൻവലിപ്പിച്ചു മിനി മുത്തൂറ്റ് ശാഖയിൽ നിക്ഷേപിക്കാൻ ഇവർ പാപ്പച്ചണിൽ സമ്മർദ്ദം ചെലുത്തി. ഓർമ്മക്കുറവുള്ള പപ്പച്ചൻ മാസത്തിൽ ഒരിക്കലേ അക്കൗണ്ടകൾ പരിശോധിക്കാറുള്ളൂ എന്നതും പ്രതികൾ അവസരമായി കണ്ടു.
മറ്റു വാക്കുകളിൽ നിന്ന് പിൻവലിച്ച പണം മുത്തൂറ്റ് ശാഖയിൽ നിക്ഷേപിക്കാതെ ഇവർ തിരിമറി നടത്തുകയായിരുന്നു. പണത്തെ ചൊല്ലി പിന്നീട് പാപച്ചൻ തർക്കിച്ചപ്പോഴാണ് ഇദ്ദേഹത്തെ വക വരുത്താൻ സരിതയും അനൂപും തീരുമാനിക്കുന്നത്. ഇതിന് മുൻപ് ഒരു ക്രിമിനൽ പശ്ചാത്തലവും സരിതയ്ക്കോ അനൂപിനോ ഇല്ല. അതുകൊണ്ട് തന്നെയാണ് പുറത്ത് നിന്നുള്ള ആരുടെയെങ്കിലും പിന്തുണ ഇവർക്കുണ്ടോ എന്ന് പോലിസ് സംശയിക്കുന്നതും.
മുമ്പ് മറ്റൊരു ധനക്കാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോഴാണ് സരിത, കൊലക്കു കൊട്ടേഷൻ ഏറ്റെടുത്ത അനിമോനെ പരിചയപ്പെടുന്നത്. ഭൂമി ഇടപാടിൽ ഉൾപ്പെടെ ബ്രോക്കർ ആയി പ്രവർത്തിക്കുന്ന ഇയാൾക്കെതിരെ വധശ്രമ കേസടക്കം നിലവിലുണ്ട്. പാപ്പാച്ചന്റേത് പോലെ മറ്റ് അക്കൗണ്ടുകൾ വഴിയും പ്രതികൾ സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയതായി പൊലീസിന് സൂചനകൾ ലഭിച്ചിട്ടുണ്ട്. ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തും. പ്രതികളെ കസ്റ്റഡിയിൽ ലഭിച്ച ശേഷം കൊല നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തും.
സിനിമാ കഥപോലെ കൊലപാതകം
സമ്പന്നരായ ഇടപാടുകാരെ തേടി നടന്ന ബാങ്ക് മാനേജർ സരിത, പാപ്പച്ചനെ പരിചയപ്പെടുന്നത് ഏജന്റുമാർ വഴിയാണ്. പാപ്പച്ചന് മറ്റ് ബാങ്കുകളിലായി ലക്ഷക്കണക്കിന് രൂപയുടെ നിക്ഷേപം ഉണ്ടെന്ന് മനസ്സിലാക്കിയ സരിത, അക്കൗണ്ടന്‍റ് അനൂപുമായി ചേർന്ന് സ്വാധീനിച്ച് അക്കൗണ്ട് തുറപ്പിച്ചു. പല ഘട്ടങ്ങളിലായി 36 ലക്ഷം രൂപ വരെ അക്കൗണ്ടിലെത്തി. പിന്നീട് ആകർഷകമായ പലിശ വാഗ്ദാനം ചെയ്ത് മറ്റു നിക്ഷേപ പദ്ധതികളിൽ നിക്ഷേപിക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ വാങ്ങി.
എന്നാൽ ഈ പണം സ്വന്തം ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്തു. വാഗ്ദാനം ചെയ്ത വരുമാനം ലഭിക്കാതായതോടെ സംശയം വന്ന പാപ്പച്ചൻ ബാങ്കിലെത്തി ബഹളം വെച്ചതോടെയൊണ് വകവരുത്താൻ പ്രതികൾ പദ്ധതിയിട്ടത്. ഇതിനായി രണ്ടര ലക്ഷം രൂപക്ക് ഒന്നാം പ്രതി അനിമോനും കൂട്ടുകാരൻ മാഹിനും ക്വാട്ടേഷൻ നൽകി.
അപകട മരണമെന്ന് പൊലീസ് വിധിയെഴുതി മൂന്നാഴ്ച പിന്നിടുമ്പോഴാണ് മകൾ റേച്ചലിന് ചില സംശയങ്ങൾ തോന്നിയത്. ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകൾ അച്ഛൻ നടത്തുമായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മകൾ പൊലീസിന് പരാതി നല്‍കി. അനിമോന്‍റെ ഫോണ്‍ കോൾ രേഖകൾ പരിശോധിച്ച പൊലീസ്, ഇയാൾ നിരന്തരമായി സരിതയേയും അനൂപിനെയും വിളിക്കാറുണ്ടെന്ന് കണ്ടെത്തി. തുടർന്നാണ് പാപ്പച്ചന്‍റെ അക്കൗണ്ടുകൾ പരിശോധിച്ചത്. പ്രാഥമികമായി തിരിമറി കണ്ടെത്തിയതോടെ ബാങ്കിന്‍റെ ഓഡിറ്ററെ വിവരം അറിയിച്ചു. ക്രമക്കേട് ഓഡിറ്ററും ശരിവെച്ചതോടെയാണ് ഒറ്റ ദിവസം കൊണ്ട് സരിത ഉൾപ്പെടെ അഞ്ച് പ്രതികളേയും പിടികൂടിയത്.
വിവരം പൊലീസിന് ചോര്‍ത്തിക്കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി, കൊലക്ക് ക്വട്ടേഷന് കൊടുത്ത ബാങ്ക് മാനേജറിൽ നിന്ന് ക്വട്ടേഷൻ സംഘം പിന്നീട് 18 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു. തട്ടിപ്പ് കണ്ടെത്തിയതിനെ തുർന്ന് സരിതയും അക്കൗണ്ടന്‍റ് അനൂപും 25 ലക്ഷം രൂപ ബാങ്കിൽ തിരിച്ചടച്ചിരുന്നു.
കുടുംബവുമായി അസ്വാരസ്യത്തിലാണ് പാപ്പച്ചൻ എന്ന കാര്യം മാനേജര്‍ അടക്കമുള്ളവര്‍ക്ക് അറിയാമായിരുന്നു. നിക്ഷേപ തുകയിൽ നിന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ തിരിമറി നടത്തിയത് പാപ്പച്ചൻ ചോദ്യം ചെയ്തപ്പോൾ അനുനയ ചര്‍ച്ചക്ക് എത്തി മടങ്ങും വഴിയാണ് പാപ്പച്ചന്‍റെ സൈക്കിളിൽ അനിമോൻ എന്നയാൾ ഓടിച്ച കാറിടിച്ചത്. ക്രിമിനൽ പശ്ചാത്തലമുള്ള അനിമോൻ വാടകക്കെടുത്ത കാറാണ് സൈക്കിളിൽ ഇടിച്ചത്. അനിമോന്‍റെ അക്കൗണ്ടിലേക്ക് എത്തിയ രൂപയുടെ കണക്ക് പിന്തുടര്‍ന്നാണ് മാനേജര്‍ സരിത അടക്കമുള്ളവരുടെ പങ്ക് തെളിഞ്ഞത്. കഴിഞ്ഞ മാസം 23 നായിരുന്നു അപകടം. 26 നാണ് പാപ്പച്ചൻ മരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം