കല്‍പ്പറ്റ: അനുവദിച്ച അളവില്‍ കാര്‍ഡുടമകള്‍ക്ക് ഭക്ഷ്യധാന്യം നല്‍കാത്ത റേഷന്‍ കടക്കെതിരെ നടപടി. മാനന്തവാടിക്കടുത്ത വിന്‍സെന്റ് ഗിരിയിലെ കടയുടമക്കെതിരെയാണ് പരാതിയുണ്ടായിരുന്നത്. അധികൃതര്‍ നടത്തിയ പരിശോധനയില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ബിനു ജോസ് ലൈസന്‍സി ആയിട്ടുള്ള എ ആര്‍ ഡി 49 നമ്പര്‍ റേഷന്‍കടയുടെ ലൈസന്‍സാണ് താലൂക്ക് സപ്ലൈ ഓഫീസര്‍ താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തത്. ആദിവാസികള്‍ അടക്കമുള്ള കാര്‍ഡുടമകള്‍ക്ക് കടയില്‍ നിന്ന് അനുവദിച്ച അളവില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് നേരത്തെ തന്നെ പരാതി ഉണ്ടായിരുന്നു.

തുടര്‍ന്ന് മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസര്‍ പി ഉസ്മാന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. പരാതിക്കാരായ കോളനിവാസികളുടെ വീട്ടിലെത്തിയും അധികൃതര്‍ പരിശോധിച്ചു. വിവരങ്ങള്‍ ചോദിച്ചറിയുകയും റേഷന്‍ കാര്‍ഡ് പരിശോധിക്കുകയും ചെയ്തതില്‍നിന്ന് അനുവദിച്ച അളവില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് ബോധ്യപ്പെട്ടതായി അധികൃതര്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ വിന്‍സെന്റ് ഗിരിയിലെ റേഷന്‍കട വള്ളിയൂര്‍ക്കാവിലെ എ ആര്‍ ഡി. 30 നമ്പര്‍ റേഷന്‍കടയുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാനുള്ള നടപടി സ്വീകരിച്ചതായി താലൂക്ക് സപ്ലൈ ഓഫീസര്‍ പറഞ്ഞു.

വയനാട്ടില്‍ ഈ മാസം വിതരണം ചെയ്യുന്ന റേഷന്‍ സാധനങ്ങളുടെ വിവരങ്ങള്‍ 

മേയ് മാസത്തെ റേഷന്‍ ഇനി പറയുന്ന രീതിയില്‍ വിതരണം ചെയ്യുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. എഎവൈ കാര്‍ഡുകാര്‍ക്ക് 30 കിലോ അരിയും അഞ്ചുകിലോ ഗോതമ്പും സൗജന്യനിരക്കില്‍ വിതരണംചെയ്യും. പി.എച്ച്.എച്ച്. കാര്‍ഡുകാര്‍ക്ക് ആളൊന്നിന് നാലുകിലോ അരിയും ഒരു കിലോ ഗോതമ്പും രണ്ടു രൂപ നിരക്കില്‍ ലഭിക്കും.

മുന്‍ഗണനേതര സബ്‌സിഡി (എന്‍പിഎസ്) കാര്‍ഡുകാര്‍ക്ക് ആളൊന്നിന് രണ്ടുകിലോ അരിവീതം നാലുരൂപ നിരക്കിലും മുന്‍ഗണനേതര നോണ്‍ സബ്‌സിഡി (എന്‍പിഎന്‍എസ്) കാര്‍ഡുകാര്‍ക്ക് കാര്‍ഡിന് രണ്ടുകിലോ അരിവീതം 10.90 രൂപ നിരക്കിലും വിതരണംചെയ്യും. ഈ വിഭാഗങ്ങള്‍ക്ക് അധിക വിഹിതമായി കാര്‍ഡിന് 10 കിലോ അരി 15 രൂപ നിരക്കില്‍ ലഭിക്കുന്നതാണ്. കൂടാതെ, ലഭ്യതയനുസരിച്ച് കാര്‍ഡിന് ഒന്നുമുതല്‍ മൂന്നുകിലോ വരെ ആട്ട 17 രൂപ നിരക്കില്‍ വിതരണംചെയ്യും.

പിഎംജികെഎവൈ പദ്ധതിയിലുളള പയറുവര്‍ഗത്തിന്റെ ഏപ്രില്‍ മാസത്തെ സൗജന്യ വിതരണം കാര്‍ഡിന് ഒരുകിലോ വീതം മേയ് മാസത്തെ വിതരണത്തോടൊപ്പം ലഭിക്കും. ഏപ്രില്‍ മാസത്തില്‍ അതിജീവനക്കിറ്റ് വാങ്ങാത്തവര്‍ക്ക് മേയ് മാസം ഇത് ലഭിക്കും. വൈദ്യുതീകരിച്ച വീടുകളിലെ കാര്‍ഡുകാര്‍ക്ക് അരലിറ്റര്‍ മണ്ണെണ്ണയും അല്ലാത്തവര്‍ക്ക് നാലുലിറ്റര്‍ മണ്ണെണ്ണയും വിതരണംചെയ്യും.