ഇടുക്കി: നടപ്പാതയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനെത്തിയ റവന്യൂ സംഘത്തെ വ്യാപാരികള്‍ തടഞ്ഞു. യാത്രക്കാര്‍ക്ക് നടക്കാന്‍ പോലും സ്ഥലമില്ലാത്ത വിധം കയ്യേറിയ സ്ഥലത്ത് ഒഴിപ്പിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് അധിക്ഷേപവും ശകാരവര്‍ഷവുമാണ് വ്യാപാരികളുടെ ഭാഗത്ത് നിന്നുണ്ടായത്.

മൂന്നാര്‍ മെയിന്‍ ബസാറിലെ നടപ്പാത കയ്യേറി വില്‍പ്പന വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചിരുന്ന സ്ഥലം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെയാണ് വ്യാപാരികള്‍ തടഞ്ഞത്. റവന്യൂ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷെഫീക്കിന്‍റെ നേതൃത്വത്തിലുളള സംഘത്തിനാണ് പ്രതിഷേധത്തിനിരയാകേണ്ടി വന്നത്.

കച്ചവടക്കാരും കടകളിലെ ജീവനക്കാരും പ്രതിഷേധിച്ചിറങ്ങിയതോടെ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുന്ന നിലവരെയെത്തി കാര്യങ്ങള്‍. കഴിഞ്ഞ അഞ്ചു മാസത്തിനിടെ നാലു തവണ ഒഴിപ്പിച്ച സ്ഥലത്ത് വീണ്ടും വ്യാപാരികള്‍ വില്‍പ്പന വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചതോടെയാണ് റവന്യൂ സംഘം ഇതൊഴിപ്പിക്കാനെത്തിയത്.

ഉദ്യോഗസ്ഥരെത്തുമ്പോള്‍ വില്‍പ്പന വസ്തുക്കള്‍ പിന്‍വലിക്കുമെങ്കിലും രണ്ടോ മൂന്നോ ദിവസങ്ങള്‍ കഴിയുമ്പോള്‍ വീണ്ടും പഴയ നിലയിലാകും. ബസാറിനുള്ളിലെ കടകള്‍ വില്‍പ്പന വസ്തുക്കള്‍ പ്രദര്‍ശനത്തിനായി പുറത്തെത്തിക്കുന്നത് യാത്രക്കാര്‍ക്ക് തടസം സൃഷ്ടിച്ചതോടെ ഇതിനെതിരെ വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്താണ് ആദ്യം നടപടിയെടുത്തത്. പഞ്ചായത്ത് സെക്രട്ടറി തന്നെ നേരിട്ടെത്തി കടകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. രണ്ടു മൂന്നു ദിവസത്തിനകം തന്നെ വീണ്ടും പഴയപടിയായി. തുടര്‍ന്ന് സബ് കളക്ടറിന്റെ നിര്‍ദ്ദേശ പ്രകാരം രണ്ടു തവണയാണ് ഇവിടെ ഒഴിപ്പിച്ചത്.

തങ്ങള്‍ക്ക് കമ്പനിയില്‍ കച്ചവടത്തിനായി ലഭിച്ച സ്ഥലമാണിതെന്നും അതിനാല്‍ ഏതു തരത്തിലും തങ്ങള്‍ക്ക് വിനിയോഗിക്കാനാവുമെന്നാണ് വ്യാപാരികളുടെ വാദം. ഭൂസംരക്ഷണ സേനയുടെ സഹായത്തോടെയായിരുന്നു ഒഴിപ്പിക്കല്‍ നടപടികള്‍.