വിവിധ തൊഴിലാളി യൂണിയൻ പ്രതിനിധികൾ സംഘടിച്ചെത്തിയാണ് കടയിൽ സാധനം ഇറക്കുന്നത് തടയാൻ ശ്രമിച്ചത്. 

തിരുവനന്തപുരം: കടയിൽ സാധനം ഇറക്കുന്നതിനെ ചൊല്ലി ചുമട്ടുതൊഴിലാളികളും കടയുടമയും തമ്മിൽ വാക്കേറ്റം. പിടിവലിക്കിടയിൽ നിലത്ത് വീണ കടയുടമയ്ക്ക് പരിക്കേറ്റു. പനച്ചിമൂട് സ്വദേശി സുനിലിനാണ് പരിക്കേറ്റത്. സുനിലിനെ വെള്ളറടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ആറ് മാസമായി സുനിൽ സ്വന്തമായാണ് ലോഡ് ഇറക്കിയിരുന്നത്. സ്വന്തം നിലയിൽ ഇറക്കുന്നതിനുള്ള അനുമതി അദ്ദേഹം വാങ്ങിയിരുന്നു. അത് യൂണിയൻ പ്രവർത്തകരെ ഏൽപ്പിച്ചിരുന്നില്ല. ഇന്നലെ വൈകുന്നേരത്തോട് കൂടി ഈ കടയിലേയ്ക്കുള്ള സാധനങ്ങളുമായി ലോറി എത്തിയപ്പോൾ സുനിൽ ലോഡ് ഇറക്കാൻ ശ്രമിച്ചു. ഈ സമയത്താണ് വിവിധ തൊഴിലാളി യൂണിയൻ പ്രതിനിധികൾ സംഘടിച്ചെത്തി ഇത് തടയാൻ ശ്രമിച്ചത്. തുടർന്ന് തൊഴിലാളി യൂണിയൻ പ്രവ‍ർത്തരും സുനിലും തമ്മിൽ വാക്കേറ്റമുണ്ടാകുകയും പിടിവലിക്കിടയിൽ നിലത്ത് വീണ് സുനിലിന് പരിക്കേൽക്കുകയും ചെയ്തു. 

സുനിലിനെ വെള്ളറടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുനിലിന്റെ പരാതിയിൽ പൊലീസ് നടപടികൾ തുടങ്ങിയതായാണ് റിപ്പോർട്ട്. നോക്കുകൂലി ചോദിച്ചില്ലെങ്കിലും ലോഡ് ഇറക്കാനുള്ള അവകാശം തങ്ങൾക്ക് വേണമെന്നാണ് തൊഴിലാളി യൂണിയൻ പ്രവർത്തകരുടെ ആവശ്യം. 

READ MORE: സംസാരശേഷി കുറഞ്ഞ 6-ാം ക്ലാസുകാരിയെ മർദ്ദിച്ചു, പണം നൽകി ഒതുക്കാനും ശ്രമം; ട്യൂഷൻ ടീച്ചർക്ക് എതിരെ പരാതി