Asianet News MalayalamAsianet News Malayalam

മലപ്പുറം ജില്ലയിലെ പ്രളയാനന്തര പുനരധിവാസം: ധനസഹായം കിട്ടാത്തവര്‍ക്ക് ഉടന്‍ നല്‍കണമെന്ന് റവന്യൂ സെക്രട്ടറി

തണ്ടക്കല്ല് കോളനിയിലെ  ജനങ്ങളുടെ പുനരധിവാസത്തിനായി മുണ്ടേരി ഫാമിലെ 10 ഏക്കർ ഭൂമി കണ്ടെത്തിയിട്ടുണ്ട്. തുടർനടപടികൾക്കായി  സർക്കാരിലേക്ക് വിശദമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്ന്  ജില്ലാ കലക്ടർ റവന്യൂ സെക്രട്ടറിയെ അറിയിച്ചു. 

should be give compensation for flood affected people in malappuram says revenue Secretary
Author
Malappuram, First Published Nov 29, 2019, 6:50 PM IST

മലപ്പുറം: മലപ്പുറം ജില്ലയിലെ പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വി.വേണുവിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.  ജില്ലാകലക്ടർ ജാഫർ മലികിന്റെ ചേമ്പറിൽ നടന്ന യോഗത്തില്‍ പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിച്ചവർക്കും ബന്ധുവീടുകളിൽ മാറി താമസിച്ചവർക്കുമായി നൽകി വരുന്ന അടിയന്തര ധനസഹായമായ 10,000 രൂപ ഇനിയും ലഭിക്കാത്തവർക്ക് രണ്ടാഴ്ചക്കുള്ളിൽ വിതരണം ചെയ്യാൻ പ്രിൻസിപ്പൽ സെക്രട്ടറി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദേശിച്ചു. 

പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട ആളുകളുടെ പുനരധിവാസത്തിനുള്ള പ്രൊപ്പോസൽ ഉടൻ ജില്ലാകലക്ടർ മുഖേന സമർപ്പിക്കാനും തഹസിൽദാർമാരോട് സെക്രട്ടറി ആവശ്യപ്പെട്ടു. യോഗത്തിൽ വീടും സ്ഥലവും  നഷ്ടപ്പെട്ട ട്രൈബൽ വിഭാഗത്തിൽപ്പെട്ടവരുടെ പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനും നിർദേശം നൽകി. പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി നിലമ്പൂരിലെ വിവിധ കോളനികളിലുള്ളവരെ പ്രീഫാബ്  മോഡലിലുള്ള താത്ക്കാലിക ഷെൽട്ടറിലേക്ക് മാറ്റാൻ 148 ഓളം ഷെൽട്ടറുകൾ കണ്ടെത്തിയിട്ടുണ്ട്. മുണ്ടക്കടവ്, ഇരുട്ടുകുത്തി, വാണിയം പുഴ, തരിപ്പാപ്പൊട്ടി, കുമ്പളപ്പാറ, കവളപ്പാറ തുടങ്ങിയ കോളനി നിവാസികൾക്കാണ് താത്ക്കാലിക ഷെൽട്ടറുകൾ ഒരുങ്ങുന്നത്.

തണ്ടക്കല്ല് കോളനിയിലെ  ജനങ്ങളുടെ പുനരധിവാസത്തിനായി മുണ്ടേരി ഫാമിലെ 10 ഏക്കർ ഭൂമി കണ്ടെത്തിയിട്ടുണ്ട്. തുടർനടപടികൾക്കായി  സർക്കാരിലേക്ക് വിശദമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്ന് സർക്കാരിൽ  നിന്നുള്ള  തീരുമാനം  ലഭിക്കുന്ന മുറയ്ക്ക് ഇതിനായുള്ള  തുടർനടപടികൾ ആരംഭിക്കുമെന്നും  ജില്ല കലക്ടർ സെക്രട്ടറിയെ അറിയിച്ചു. കാലതാമസം  നേരിടുകയാണെങ്കിൽ അടിയന്തിരമായി  18  ക്വാർട്ടേഴ്‌സുകൾ മുണ്ടേരിഫാമിൽ അനുവദിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായും കലക്ടർ അറിയിച്ചു. സി.സി.ടി കൗൺസിലിന്റെ  തീരുമാനപ്രകാരം 195  ഹെക്ടർ  ഭൂമി  ഭൂരഹിതരായവർക്ക് നൽകാൻ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിൽ ഭൂമി റവന്യു വകുപ്പിനു കൈമാറാൻ നിർദേശം നൽകിയിട്ടുണ്ട്. ഇത് പ്രളയത്തിൽ ഭൂമി നഷ്ടമായവർക്കായി വിനിയോഗിക്കും. 

മഴക്കെടുതികളാൽ വാസയോഗ്യമല്ലാതായ ചളിക്കൽ കോളനിവാസികൾക്ക് ടി.ആർ.ഡി.എമ്മിന്റെ അധീനതയിൽ എടക്കരയിലുള്ള 5.27 ഏക്കർ റവന്യൂ ഭൂമി വിട്ടുകൊടുക്കാൻ നടപടിയായിട്ടുണ്ട്. ഇവിടെ ഫെഡറൽ ബാങ്കിന്റെ നേതൃത്വത്തിൽ 30 വീടുകൾ നിർമ്മിക്കും. 2.10 കോടി രൂപയുടെ സമഗ്ര ഭവന നിർമ്മാണ പദ്ധതിയാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. പ്രളയാനന്തര പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സഹായം വാഗ്ദാനം ചെയ്ത് ജില്ലക്കകത്തും പുറത്തുമുള്ള വിവിധ സ്ഥാപനങ്ങളെയും  സംഘടനകളെയും കുറിച്ച് കലക്ടർ വിശദീകരിച്ചു. വിവിധ താലൂക്കുകളിൽ നടക്കുന്ന പുനരധിവാസ പുരോഗതി യോഗത്തിൽ തഹസിൽദാർമാർ വിശദീകരിച്ചു.

യോഗത്തിന് ശേഷം നിലമ്പൂരിലെ വിവിധ കോളനികൾ പ്രിൻസിപ്പൽ സെക്രട്ടറി സന്ദർശിച്ചു. യോഗത്തിൽ ജില്ലാകലക്ടർ ജാഫർ മലിക്, അസിസ്റ്റന്റ് കലക്ടർ രാജീവ് കുമാർ ചൗധരി, സബ് കലക്ടർ കെ.എസ് അഞ്ജു, എ.ഡി.എം എൻ.എം മെഹ്റലി, ഡെപ്യൂട്ടി കലക്ടർ ഡോ.ജെ.ഒ അരുൺ തുടങ്ങിയവർ പങ്കെടുത്തു.

Follow Us:
Download App:
  • android
  • ios