ആലുവ: കയറിക്കിടക്കുന്ന വീട് പോലും ഏത് നിമിഷവും നഷ്ടപ്പെടാമെന്ന അവസ്ഥയിലാണ് ആലുവയിലെ സൗമ്യയും അനുജത്തി ധന്യയും. ലോക്ഡൗണ്‍ മൂലം സൗമ്യയുടെ ജോലി നഷ്ടപ്പെട്ടു. മൂത്ത ചേച്ചിയുടെ മൂന്ന് മക്കളുടെ സംരക്ഷണ ചുമതല കൂടി വന്നതോടെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് ഈ പെണ്‍കുട്ടികള്‍.

ആലുവ ചെങ്ങമനാട് സ്വദേശി പ്രകാശന്‍റെയും രാജമ്മയുടേയും മക്കളാണ് സൗമ്യയും ധന്യയും. പ്രകാശൻ വര്‍ഷങ്ങള്‍ക്ക് മുന്നേ മരിച്ചു. ജൂണ്‍ അഞ്ചിന് രാജമ്മയും. ഇവരുടെ മൂത്തമകള്‍ സന്ധ്യയും ഭര്‍ത്താവും 7 വര്‍ഷം മുന്നേ തമിഴ്നാട്ടില് വെച്ച് മരിച്ചിരുന്നു. ഇവരുടെ മൂന്ന് ചെറിയ കുട്ടികള്‍ കൂടി കഴിയുന്നത് സൗമ്യക്കും ധന്യക്കും ഒപ്പം. 

സാമ്പത്തിക പ്രതിസന്ധിയില്‍ ബുദ്ധിമുട്ടിയിരുന്ന കുടുംബം ഏറെ ദുരിതത്തിലായത് രാജമ്മ അസുഖബാധിതയായതോടെയാണ്. നാല് സെന്റ് സ്ഥലവും വീടും പണയപ്പെടുത്തി വായ്പയെടുത്ത് ചികിത്സിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബാങ്ക് വായ്പ പലിശയടക്കം നാലര ലക്ഷത്തോളമുണ്ട്. തിരിച്ചടച്ചില്ലെങ്കിൽ തെരുവിലേക്ക് ഇറങ്ങേണ്ടി വരും.
കൊവിഡ് പ്രതിസന്ധി മൂലം സൗമ്യയുടെ ജോലിയും ഇല്ലാതായി. നാട്ടുകാരുടെ കാരുണ്യം കൊണ്ടാണ് ഇവരിപ്പോൾ ഭക്ഷണം പോലും കഴിക്കുന്നത്. അനാഥരായ ഈ കുട്ടികളുടെ സംരക്ഷണത്തിനായി ആലുവ എംഎൽഎ. അൻവർ സാദത്തിൻറെ നേതൃത്വത്തിൽ സഹായ സമിതി രൂപീകരിച്ച് പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്.