കോഴിക്കോട്: ഗ്രാമപഞ്ചായത്ത് അംഗമാകാൻ സഹോദരിമാർ കച്ചമുറുക്കി അങ്കത്തട്ടിൽ ഇറങ്ങിയിരിക്കുകയാണ്. ജ്യേഷ്ഠത്തി എം കെ സൗദാ ബീവി യുഡിഎഫ് സ്ഥാനാർത്ഥിയായി താമരശ്ശേരി ഗ്രാമ പഞ്ചായത്തിലേക്കും  അനിയത്തി സല്‍മ സുബൈര്‍ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലേക്കുമാണ് മത്സരിക്കുന്നത്. 

താമരശ്ശേരി പഞ്ചായത്തിലെ തേക്കുംതോട്ടം ഒന്നാം വാര്‍ഡിലേക്ക് എം കെ സൗദാ ബീവി മത്സരിക്കുമ്പോള്‍ സല്‍മ സുബൈര്‍ മല്‍സരിക്കുന്നത് കട്ടിപ്പാറ പഞ്ചായത്തിലെ വെട്ടിഒഴിഞ്ഞതോട്ടം 13ാം വാര്‍ഡ് വാര്‍ഡിലേക്കാണ് മാറ്റുരയ്ക്കുന്നത്. രണ്ട് ഗ്രാമപഞ്ചായത്താണെങ്കിലും രണ്ട് വാർഡുകളും സമീപങ്ങളിലായാണ്.
തേക്കുംതോട്ടം മതുകൂട്ടിയതില്‍  കുട്ടി - ഫാത്തിമ ദമ്പതികളുടെ മക്കളാണ് സൗദാബീവിയും സല്‍മാസുബൈറും.

സൗദാ ബീവിയുടെ എതിരാളി എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി സജ്‌ന ഷംസീറാണ്. മുസ്ലിം ലീഗിന്റെ സിറ്റിംഗ് സീറ്റാണിത്. പൂനൂര്‍കാരുണ്യ തീരം സ്‌പെഷ്യല്‍ സ്‌കൂള്‍ സൈക്യാട്രി വളണ്ടിയറും തച്ചംപൊയില്‍ പാലിയേറ്റീവ് വളണ്ടിയറും ജെസിഐ അംഗവുമാണ് സൗദാബീവി. സല്‍മ സുബൈര്‍ മത്സരിക്കുന്ന വെട്ടി ഒഴിഞ്ഞതോട്ടം വാർഡില്‍ മുസ്ലിം ലീഗിലെ സാജിദ ഇസ്മായിലിനാണ് പ്രധാന എതിരാളി.