Asianet News MalayalamAsianet News Malayalam

ഇടുക്കിയിലെ മൂന്നു ലക്ഷം രൂപയുടെ കള്ളപ്പണം കണ്ടെത്തിയ സംഭവം; അന്വേഷണം ഇഴയുന്നതായി ആരോപണം

രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ നീക്കത്തില്‍ പോലിസ് ആറംഗ സംഘത്തെ കമ്പംമെട്ടില്‍ വരുത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്ന് ലക്ഷം രൂപയ്ക്ക് ആറ് ലക്ഷം രൂപയുടെ കള്ളനോട്ട് എന്നായിരുന്നു വാഗ്ദാനം.

six men arrested with fake currency at idukki
Author
Idukki, First Published Apr 21, 2021, 2:45 PM IST

ഇടുക്കി: ഇടുക്കി കമ്പംമെട്ടില്‍ മൂന്ന് ലക്ഷം രൂപയുടെ കള്ളനോട്ട് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഇഴയുന്നതായി ആരോപണം. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് കമ്പംമെട്ട് ചെക്‌പോസ്റ്റ് വഴി മൂന്ന് ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘത്തെ പൊലീസ് പിടികൂടിയത്. തമിഴ്‌നാട് കേന്ദ്രീകരിച്ച് മാഫിയാ സംഘം പ്രവര്‍ത്തിയ്ക്കുന്നുവെന്നായിരുന്നു പൊലിസിന്റെ പ്രാഥമീക നിഗമനം. അറസ്റ്റിലായ ആറ് പേരും സംഘത്തിലെ കണ്ണികള്‍ മാത്രമെന്നായിരുന്നു പൊലിസ് അറിയിച്ചത്. തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള വന്‍ സംഘമാണ് കള്ളനോട്ടിന്റെ പിന്നിലെന്നായിരുന്നു പൊലിസിന്റെ കണ്ടെത്തല്‍. തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നടത്തിയ തെരച്ചിലില്‍ മൂന്നര ലക്ഷം രൂപ വിലവരുന്ന മെഷീനും കാല്‍ കോടിയുടെ കള്ളനോട്ട് അച്ചടിയ്ക്കാനാവശ്യമായ  പേപ്പറും കണ്ടെത്തിയിരുന്നു. 

ഇടുക്കിയിൽ 3 ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പിടിയിൽ

സംഘം വ്യാപകമായി കള്ളനോട്ട് മാറിയെടുത്തതായും പോലിസ് സംശയിച്ചിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ നീക്കത്തില്‍ പോലിസ് ആറംഗ സംഘത്തെ കമ്പംമെട്ടില്‍ വരുത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്ന് ലക്ഷം രൂപയ്ക്ക് ആറ് ലക്ഷം രൂപയുടെ കള്ളനോട്ട് എന്നായിരുന്നു വാഗ്ദാനം. ആവശ്യക്കാരനെന്ന നിലയില്‍ സമീപിച്ച പോലിസ് രണ്ട് വാഹനങ്ങളില്‍ നിന്നായി മൂന്ന് ലക്ഷം രൂപയുടെ കള്ളനോട്ട് കണ്ടെടുത്തു. കോയമ്പത്തൂരും കമ്പവും കേന്ദ്രീകരിച്ച് കള്ളനോട്ട് മാറിയെടുക്കാന്‍ ഏജന്റുമാര്‍ പ്രവര്‍ത്തിയ്ക്കുന്നതായും അറസ്റ്റിലായവരില്‍ നിന്നും വിവരം ലഭിച്ചു. ഇടുക്കിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കള്ളനോട്ട് പല തവണ പിടികൂടിയിട്ടുണ്ടെങ്കിലും ശക്തമായ തുടര്‍ അന്വേഷണം ഉണ്ടായിട്ടില്ല.
 

Follow Us:
Download App:
  • android
  • ios