ഗൾഫിൽ നിന്നെത്തിയത് അറിഞ്ഞു, പിന്നാലെ ആറംഗ സംഘം കാറിലെത്തി; പട്ടാമ്പിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയവർ പിടിയിൽ
റൌഫ് നാട്ടിൽ തിരിച്ചെത്തിയെന്ന് തിരിച്ചറിഞ്ഞാണ് ആറംഗ സംഘം ആയുധങ്ങളുമായി കാറിലെത്തി റൌഫിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഘമെത്തി റൌഫിനെ വീട്ടിൽ നിന്നും വിളിച്ചിറക്കിയത്.
പട്ടാമ്പി: പാലക്കാട് പട്ടാമ്പിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ പിടികൂടി പൊലീസ്. പട്ടാമ്പി സ്വദേശി റൌഫിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ആറു പേരെയാണ് പട്ടാമ്പി പൊലീസ് ആലുവയിൽ നിന്നും പിടികൂടിയത്. വിദേശത്ത് വെച്ചുണ്ടായ തർക്കത്തെ തുടർന്നായിരുന്നു തട്ടിക്കൊണ്ടുപോകലെന്ന് പൊലീസ് പറഞ്ഞു. തൃശൂർ സ്വദേശികളായ ദേവനാഥ്, അമാൻ, അജ്മൽ, ഹിരൺ, നിതിൽ, അഖിലേഷ് എന്നിവ പിടിയിലായത്.
പ്രതികളെല്ലാം റൌഫിനൊപ്പം വിദേശത്ത് ജോലി ചെയ്തിരുന്നവരാണ്. ഈ സമയത്ത് റൌഫും പ്രതികളും തമ്മിൽ തർക്കമുണ്ടായി. പിന്നാലെ പ്രതികളിൽ ചിലർ നാട്ടിലേക്ക് മടങ്ങി. റൌഫ് നാട്ടിൽ തിരിച്ചെത്തിയെന്ന് തിരിച്ചറിഞ്ഞാണ് ആറംഗ സംഘം ആയുധങ്ങളുമായി കാറിലെത്തി റൌഫിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഘമെത്തി റൌഫിനെ വീട്ടിൽ നിന്നും വിളിച്ചിറക്കിയത്. ശേഷം കാറിലേക്ക് വലിച്ചു കയറ്റി. ഇതിനിടയിൽ റൌഫ് ബഹളം വെച്ചു. ബഹളവും പിടിവലിയും കണ്ട നാട്ടുകാർ ഓടികൂടിയെങ്കിലും കാറിലെത്തിയവർ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ എല്ലാരും പേടിച്ചു പിൻവാങ്ങി.
പിന്നാലെ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ ആലുവയിലെത്തി പൊലീസ് പിടികൂടിയത്. പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കേസിൽ വിശദമായി അന്വേഷണം നടന്നുവരികയാണെന്നും മറ്റാരെങ്കിലും ആക്രമണത്തിന് പിന്നിലുണ്ടോ എന്നതടക്കം അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.