Asianet News MalayalamAsianet News Malayalam

നീയാരാടാ ചോദിക്കാൻ, കോളറിൽ പിടിച്ച് പൊലീസുകാരന് നേരെ കയ്യേറ്റം; കാർ തടഞ്ഞ് 2 പേരെ പൊക്കി, ഒരാൾ സ്ഥിരം പ്രതി!

അതിവേഗത്തില്‍ ഓടിച്ചു പോയ വാഹനം ബീനാച്ചി എത്തുന്നതിന് തൊട്ടുമുമ്പ് ദൊട്ടപ്പന്‍കുളത്ത് വെച്ച് ചില വാഹനങ്ങളില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. പൊലീസ് എത്തിയതോടെ  അമല്‍ തങ്കച്ചന്‍ വാഹനത്തില്‍ നിന്നും പുറത്തിറങ്ങി ഒരു പൊലീസുകാരനെ തടഞ്ഞുവെച്ച് കൈയ്യേറ്റം ചെയ്‌തെന്നാണ് ആരോപണം.

two youth arrested for attacking police officer in wayanad sulthan bathery
Author
First Published Aug 13, 2024, 12:29 PM IST | Last Updated Aug 13, 2024, 12:29 PM IST

സുല്‍ത്താന്‍ബത്തേരി: അശ്രദ്ധമായി വാഹനമോടിച്ചത് ചോദ്യം ചെയ്ത പൊലീസുകാരനെ കൈയ്യേറ്റം ചെയ്‌തെന്ന സംഭവത്തില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മൂലങ്കാവ് കുപ്പാടി നേടിയാക്കല്‍ വീട്ടില്‍ അമല്‍ തങ്കച്ചന്‍ (23), കുപ്പാടി വരണംകുടത്ത് വീട്ടില്‍ അജയ് (42) എന്നിവരെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ അജയന്റെ പേരില്‍  സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി എട്ട് കേസുകളുള്ളതായി പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ പത്താം തീയ്യതി രാത്രിയായിരുന്നു കേസിനാസ്പദമായി സംഭവം.

ബത്തേരി ടൗണിലെ കോട്ടക്കുന്ന് ഭാഗത്ത് നിന്നും ഒരു കാര്‍ അശ്രദ്ധമായി ഓടിച്ച് ടൗണിലേക്ക് വരുന്നതായി സ്റ്റേഷനില്‍ വിവരം ലഭിക്കുകയായിരുന്നു. വിവരം രാത്രി പട്രോളിങ് ഡ്യൂട്ടിക്കുണ്ടായിരുന്ന പൊലീസുകാരെ അറിയിക്കുകയും ഇവര്‍ ചുങ്കം ഭാഗത്ത് വെച്ച് കാര്‍ തടയുകയും ചെയ്തു. വാഹനത്തിലുണ്ടായിരുന്നവരുടെ  പേരും വിലാസവും ചോദിക്കുന്നതിനിടെ പെട്ടെന്ന് മുമ്പോട്ട് എടുത്ത് അതിവേഗത്തില്‍ ബീനാച്ചി ഭാഗത്തേക്ക് ഓടിച്ചു പോയി. ഈ സമയം അവിടെ കൂടിയവര്‍ ഓടി മാറിയതിനാല്‍ മാത്രമാണ് അപകടം ഒഴിവായതെന്ന് പൊലീസ് പറയുന്നു. അതിവേഗത്തില്‍ ഓടിച്ചു പോയ വാഹനം ബീനാച്ചി എത്തുന്നതിന് തൊട്ടുമുമ്പ് ദൊട്ടപ്പന്‍കുളത്ത് വെച്ച് ചില വാഹനങ്ങളില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. 

ഇതോടെ പിന്തുടര്‍ന്ന പൊലീസും നാട്ടുകാരും വാഹനത്തിന് അടുത്തെത്തി. ഇതോടെ അമല്‍ തങ്കച്ചന്‍ വാഹനത്തില്‍ നിന്നും പുറത്തിറങ്ങി ഒരു പൊലീസുകാരനെ തടഞ്ഞുവെച്ച് കൈയ്യേറ്റം ചെയ്‌തെന്നാണ് പൊലീസ് പറയുന്നത്. പൊലീസുകാരന്റെ വലതുകൈ പിടിച്ചു തിരിച്ച് ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്നും പരാതിയുണ്ട്. അമലിനെ വരുതിയിലാക്കാന്‍  പൊലീസ് ശ്രമിക്കുന്നതിനിടെ അജയും കാറിന് പുറത്തിറങ്ങി പൊലീസുകാരനെ കൈയ്യേറ്റം ചെയ്തു. യൂണിഫോമിന്റെ കോളറില്‍ പിടിച്ചു പുറകോട്ട് തള്ളിയ ഇയാള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. 

കുറച്ചു സമയത്തിന് ശേഷം പൊലീസ് ബലപ്രയോഗത്തിലുടെ ഇരുവരെയും ജീപ്പില്‍ കയറ്റി ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് രക്ത പരിശോധന നടത്തി. ആശുപത്രിയില്‍ എത്തിയ യുവാക്കള്‍ അവിടെയും അക്രമവും തെറിവിളിയും തുടര്‍ന്നു. ഇരുവരെയും അറസ്റ്റ് ചെയ്ത പോലീസ് ഇവര്‍ സഞ്ചരിച്ച കെ.എല്‍ 43 ഡി 1641 കാര്‍ എന്ന വാഹനവും കസ്റ്റഡിയിലെടുത്തു. എസ്.ഐ രാംദാസ്, ഡോണിത്ത് സജി എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

Read More : ആംബുലൻസ് വന്നില്ല, ആശുപത്രിയിൽ ഡോക്ടറുമില്ല; യുവതിയുടെ പ്രസവമെടുത്തത് ശുചീകരണ തൊഴിലാളി, കു‍ഞ്ഞ് മരിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios