മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സ്ഥലത്തിന് സമീപത്തുള്ള മരത്തില്‍ കുരുക്കിട്ടനിലയില്‍ ജീര്‍ണിച്ച തുണിയുമുണ്ടായിരുന്നു. 

കോഴിക്കോട്: തിരുവമ്പാടിയില്‍ കാടുമൂടിയ സ്ഥലത്ത് നിന്നും തലയോട്ടിയും അസ്ഥികളും കണ്ടെത്തി. താഴെ തിരുവമ്പാടി വാപ്പാട്ട് പേനക്കാവിനു സമീപത്താണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കാടുമൂടിയ സ്ഥലത്താണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് റബര്‍ എസ്‌റ്റേറ്റില്‍ വിറക് ശേഖരിക്കാന്‍ പോയ പ്രദേശവാസി തലയോട്ടിയും അസ്തികളും കണ്ടത്. 

തുടര്‍ന്ന് ഇയാള്‍ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സ്ഥലത്തിന് സമീപത്തുള്ള മരത്തില്‍ കുരുക്കിട്ടനിലയില്‍ ജീര്‍ണിച്ച തുണിയുമുണ്ടായിരുന്നു. മൃതദേഹാവശിഷ്ടങ്ങള്‍ക്ക് മാസങ്ങളുടെ പഴക്കമുണ്ടെന്നാണ് നിഗമനം. പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള തുടര്‍നടപടികളുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്ത് നിന്ന് അടുത്തിടെ കാണാതായവരെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കല്ലടയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പെൺകുട്ടിയുടെ മൃതദേഹം കിട്ടി

കൊല്ലം: കഴിഞ്ഞ ദിവസം കല്ലടയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പെൺകുട്ടിയുടെ മൃതദേഹം കിട്ടി. അപകടം നടന്ന സ്ഥലത്ത് നിന്നും രണ്ട് കിലോമീറ്റർ ദൂരെ നിന്നാണ് കാണാതായ അപർണയുടെ മൃതദേഹം കണ്ടെത്തിയത്. മൊബൈലിൽ സെൽഫിയെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കൂടല്‍ സ്വദേശിനിയായ അപര്‍ണ പത്തനാപുരം മൗണ്ട് താബോറ് സ്കൂളിലെ സഹപാഠിയായ അനുഗ്രഹയുടെ വീട്ടിൽ സന്ദർശനത്തിനെത്തിയതായിരുന്നു.

ഉച്ചയോടെ ഇരുവരും അനുഗ്രഹയുടെ സഹോദരന്‍ അഭിനവിനൊപ്പം കല്ലടയാറിലെ വെള്ളാറമൺ കടവിലേക്ക് പോയി. വെള്ളത്തിലിറങ്ങി ഫോട്ടോ എടുക്കുന്നതിനിടെ പെൺകുട്ടികള്‍ ഇരുവരും ഒഴുക്കില്‍പ്പെട്ടു. രക്ഷിക്കാനിറങ്ങിയ അഭിനവും ഒഴുക്കില്‍പ്പെട്ടു. അനുഗ്രഹയും അഭിനവും രക്ഷപ്പെട്ടെങ്കിലും അപർണയെ രക്ഷിക്കാനായില്ല. അനുഗ്രഹ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.