തിരുവനന്തപുരത്ത് ഓടുന്ന ബൈക്കിന്റെ ഹാൻഡിലിൽ യാത്രക്കാരൻ പാമ്പിനെ കണ്ടു. ഭയന്നുപോയ അദ്ദേഹം വാഹനം നിർത്തി അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയും, തുടർന്ന് ഉദ്യോഗസ്ഥർ എത്തി പാമ്പിനെ സുരക്ഷിതമായി പിടികൂടുകയും ചെയ്തു.
തിരുവനന്തപുരം: നഗരമധ്യത്തിൽ ബൈക്ക് യാത്രക്കാരനെ ഭീതിയിലാഴ്ത്തി വാഹനത്തിനുള്ളിൽ പാമ്പ്. ഇന്ന് ഉച്ചയക്ക് ഒന്നരയോടെ കരമന നന്ദിലത്തിന് എതിർവശത്താണ് സംഭവം. യാത്രക്കാരനായ പ്രതീഷ് എന്ന വ്യക്തിയുടെ ജാവ ബൈക്കിനുള്ളിലാണ് പാമ്പിനെ കണ്ടെത്തിയത്. പ്രതീഷ് ബൈക്ക് ഓടിച്ചുകൊണ്ടിരുന്ന സമയത്താണ് ഹാൻഡിലിൽ പാമ്പിന്‍റെ തല കണ്ടത്. സ്വിച്ചുകളുടെ കവറിനുള്ളിൽ നിന്നും ഇത് പുറത്തേക്ക് വരാൻ ശ്രമിച്ചതോടെ ഭയന്നുപോയ അദ്ദേഹം ഉടൻ തന്നെ വാഹനം റോഡരികിലേക്ക് മാറ്റി നിർത്തി.
പാമ്പ് വീണ്ടും സ്വിച്ച് കവറിലേക്ക് ഒളിച്ചതോടെ പുറത്തിറക്കാൻ വഴിയില്ലാതെ തിരുവനന്തപുരം അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ബൈക്കിനുള്ളിൽ തിരച്ചിൽ നടത്തി പാമ്പിനെ സുരക്ഷിതമായി പുറത്തെടുക്കുകയുമായിരുന്നു. സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് സ്വിച്ച് കവർ അഴിച്ചെടുത്ത് പാമ്പിനെ സുരക്ഷിതമായി പുറത്തെത്തിയ്ക്കുകയായിരുന്നു. വിഷമില്ലാത്ത കാട്ടുപാമ്പായിരുന്നെന്നും ബൈക്ക് പാർക്ക് ചെയ്തിരുന്നപ്പോൾ കയറിയിരുന്നായിരിക്കാമെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്. പാർക്ക് ചെയ്ത സ്ഥലങ്ങളിൽ നിന്നും വാഹനങ്ങൾ പുറത്തെടുക്കുമ്പോൾ ശ്രദ്ധിക്കണമെന്നും ഉദ്യോഗസ്ഥർ പറയുന്നു.


