പാമ്പിനെക്കണ്ട് പരിഭ്രാന്തരായി നിന്ന നാട്ടുകാരെ കബളിപ്പിച്ചാണ് പാമ്പ് സ്‌കൂട്ടറില്‍നിന്ന് പുറത്തിറങ്ങി ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെട്ടത്
തൃശൂര്‍: കുന്നംകുളം നഗരത്തെ മൊത്തത്തില്‍ പരിഭ്രാന്തി പരത്തി പാമ്പിന്‍റെ ബൈക്ക് യാത്ര. മദ്യപിച്ച് നാലുകാലില്‍ പോകുന്ന പാമ്പ് അല്ല, ഇത് ശരിക്കുള്ള പാമ്പ് തന്നെയായിരുന്നു. ആദ്യം നഗരത്തില്‍ സ്‌കൂട്ടറിലാണ് പാമ്പിനെ കണ്ടത്. കുന്നംകുളം വടക്കാഞ്ചേരി റോഡില്‍ അപ്പോളോ സ്റ്റുഡിയോയ്ക്ക് മുന്‍വശത്ത് പാര്‍ക്ക് ചെയ്തിരുന്ന വളയംകുളം സ്വദേശി ജാസ്മിന്റെ സ്‌കൂട്ടറിലാണ് പാമ്പിനെ കണ്ടത്. മറ്റൊരു വണ്ടിയിൽ നിന്നാണ് ഈ സ്‌കൂട്ടറിലേക്ക് പാമ്പ് കയറിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പാമ്പിനെ കണ്ടതോടെ നാട്ടുകാര്‍ സ്‌കൂട്ടര്‍ പരിശോധിച്ചു.
ഇതിനിടയില്‍ പുറത്തിറങ്ങിയ പാമ്പ് തിരച്ചില്‍ സംഘത്തില്‍ ഉണ്ടായിരുന്ന ഓട്ടോ ഡ്രൈവറുടെ ഓട്ടോറിക്ഷയുടെ അടിയില്‍ കയറുകയായിരുന്നു. ഇതോടെ പാമ്പിനായുള്ള നാട്ടുകാരുടെ അന്വേഷണം ഓട്ടോറിക്ഷ കേന്ദ്രീകരിച്ചായി. പാമ്പിനെക്കണ്ട് പരിഭ്രാന്തരായി നിന്ന നാട്ടുകാരെ കബളിപ്പിച്ചാണ് പാമ്പ് സ്‌കൂട്ടറില്‍നിന്ന് പുറത്തിറങ്ങി ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെട്ടത്.
രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ഓട്ടോ ഡ്രൈവര്‍ ഓട്ടോറിക്ഷ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി. ചേര ഇനത്തില്‍പ്പെട്ട പാമ്പിനെയാണ് കണ്ടതെന്നാണ് നാട്ടുകാർ പറയുന്നത്. പാമ്പ് രക്ഷപ്പെട്ടിട്ടുണ്ടാകുമെന്ന വിശ്വാസത്തിൽ ഏറെ വൈകിയാണ് ഡ്രൈവര്‍ ഓട്ടോ തിരികെയെടുത്തത്.
