പിടിച്ചുപറി സംഘത്തിലെ രണ്ടുപേരെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു
കോഴിക്കോട്: പിടിച്ചുപറി സംഘത്തിലെ രണ്ടുപേരെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കേന്ദ്രീകരിച്ച് പിടിച്ചുപറി നടത്തുന്നവരാണിവർ. വയനാട് മീനങ്ങാടി കാക്കവയല്‍ പൂളംകുന്ന് റിബിഷാദ്, കൊടുവള്ളി കിഴക്കോത്ത് മേനിക്കോട്ട് പുറായില്‍ വിബിന്‍ ലാല്‍ എന്നിവരാണ് കൊടുവള്ളിയില്‍ പിടിയിലായത്.
കൊടുവള്ളി എസ്ഐ കെ പ്രജീഷിന്റെ നേതൃത്വത്തിലൂള്ള പൊലീസ് സംഘം പെട്രോളിംഗ് നടത്തുന്നതിനിടെ സംശയാസ്പദ സാഹചര്യത്തില്‍ കണ്ടെത്തിയ ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. വ്യക്തമായ മറുപടി നല്‍കാതിരുന്ന ഇവരെ വിശദമായി പരിശോധിച്ചപ്പോള്‍ ഒന്നേകാല്‍ പവന്‍ സ്വര്‍ണ്ണാഭരണവും മൊബൈല്‍ഫോണും കണ്ടെടുത്തു.
തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതില്‍ കോഴിക്കോട്ട് ഹെഡ് പോസ്റ്റോഫീസ് പരിസരത്ത് നിന്നും പിടിച്ചുപറിച്ചതാണെന്ന് മൊഴി നല്‍കുകയായിരുന്നു. കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോള്‍ കോട്ടയം അറുനൂറ്റിമംഗലം വേലിയേങ്ങര രാജീവ് പി. ഉണ്ണി എന്നയാളുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തി വരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
തുടര്‍ന്നാണ് പോലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സിപിഒ മാരായ അബ്ദുല്‍ കരീം, സജീവന്‍, അജിത്ത്, അബ്ദുല്‍ റഷീദ് എന്നിവരടങ്ങിയ സംഘമാണ് പിടിച്ചുപറി സംഘത്തെ പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
