ആലപ്പുഴയിൽ മദ്യലഹരിയിലായിരുന്ന മകൻ അച്ഛന്റെ തലയിൽ സ്റ്റൂൾ കൊണ്ട് അടിച്ചുപൊട്ടിക്കുകയും അമ്മയെ അസഭ്യം പറയുകയും ചെയ്തു. പിന്നാലെ മകനെ പോലീസ് അറസ്റ്റ് ചെയ്തു.
ആലപ്പുഴ: മദ്യ ലഹരിയിൽ അച്ഛന്‍റെ തലയിൽ സ്റ്റൂൾ കൊണ്ട് അടിച്ചു പൊട്ടിക്കുകയും അമ്മയെ അസഭ്യം പറയുകയും ചെയ്ത കേസിലെ പ്രതി പിടിയില്‍. ഹൗസിങ് കോളനി വാർഡ് വലിയപുരക്കൽ സുമേഷിനെ (38) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. സുമേഷിന്‍റെ അച്ഛൻ ദേവദാസിനാണ് ആക്രമണത്തിൽ തലയ്ക്ക് പരുക്കേറ്റത്. 15 ന് വൈകിട്ട് 5.30 നായിരുന്നു സംഭവം.
സ്ഥിരം മദ്യപാനിയായ സുമേഷ് ഉച്ചയ്ക്ക് വീട്ടിൽ വന്നപ്പോൾ അച്ഛനുമായി വാക്ക് തർക്കം ഉണ്ടാവുകയും, അച്ഛനോട് വീട്ടിൽ നിന്ന് ഇറങ്ങി പോകുവാൻ ആക്രോശിക്കുകയുമായിരുന്നു. ഇതേ തുടർന്ന് ദേവദാസും ഭാര്യ സുലോചനയും വീട്ടിൽ നിന്നും ഇറങ്ങി അടുത്തുള്ള കടയിൽ പോയിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ സുലോചന തിരികെ വീട്ടിലേക്ക് പോയി. വൈകുന്നേരത്തോടു കൂടി ദേവദാസ് വീട്ടിൽ ചെന്നപ്പോൾ സുലോചനയെ മകൻ അസഭ്യം പറഞ്ഞ് ഉപദ്രവിക്കുന്നത് കണ്ടു. ദേവദാസ് ഭാര്യ സുലോചനയേയും കൂട്ടി പൊലീസ് സ്റ്റേഷനിലേക്ക് പോകുവാൻ ഇറങ്ങിയപ്പോഴാണ് സുമേഷ് പുറകേ വന്ന് കഴുത്തിന് കുത്തിപ്പിടിച്ച് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി സ്റ്റുളുകൊണ്ട് തലയ്ക്കടിച്ചത്. ആക്രമണത്തിൽ അമ്മ സുലോചനക്കും പരുക്കേറ്റു.
തുടര്‍ന്ന് ദേവദാസ് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് പ്രിൻസിപ്പൽ എസ് ഐ ഉണ്ണികൃഷ്ണൻ നായർ, എസ് ഐമാരായ രാജപ്പൻ, ജയേന്ദ്രമേനോൻ, എ എസ് ഐ പോൾ, സി പി ഒ അജയരാജ് എന്നിവർ ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത ചില്ലറ വിൽപ്പനക്കായി കൊണ്ടു വന്ന ഹെറോയിനുമായി അതിഥി തൊഴിലാളി പൊലീസ് പിടിയിലായി എന്നതാണ്. വെസ്റ്റ് ബംഗാൾ മാൾട കുറ്റു ബംഗൻജ സ്വദേശി മുബാറക് അലി (38) യെയാണ് മാന്നാർ പൊലിസും ആലപ്പുഴ ജില്ലാ ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. മാന്നാർ പന്നായി പാലത്തിന് സമീപം സംശയാസ്പദമായി കണ്ട മുബാറക് അലിയെ പരിശോധിച്ചപ്പോൾ ആണ് വിൽപ്പനക്കായി ചെറിയ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ രണ്ട് ഗ്രാം ഹെറോയിൻ കണ്ടെത്തിയത്. ജില്ലാ ഡാൻസാഫ് ടീം, മാന്നാർ പൊലീസ് ഇൻസ്പെക്ടർ രജീഷ് കുമാർ, ഡി എസ് ഐ അഭിറാം സി എസ് പ്രൊബേഷൻ എസ് ഐ ജോബിൻ, വനിതാ എ എസ് ഐ തുളസിഭായി, സി പി ഒ മാരായ ഹരിപ്രസാദ്, മുഹമ്മദ് റിയാസ്, ഹോംഗാർഡ് ഹരികുമാർ എം വി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികുടിയത്.
