ഏതാനും മാസം മുൻപാണ് മകനും മരുമകളും മർദ്ദിക്കുന്നതായി ആരോപിച്ചായിരുന്നു തോമസ് ഭാര്യ റോസിലിയോടൊപ്പം വീട് വിട്ട് ഇറങ്ങിയത്

തൃശൂർ: മണലൂരിലെ അഗതി മന്ദിരത്തിൽ വച്ച് മരിച്ച അരിമ്പൂർ കൈപ്പിള്ളി സ്വദേശി തോമസിന്റെ മൃതദേഹം വീടിനുള്ളിലേക്ക് കയറ്റാനാകാതെ പുറത്ത് കിടത്തിയ സംഭവത്തിൽ റിപ്പോർട്ട് തേടി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. സംഭവത്തിൽ ജില്ലാ സാമൂഹിക നീതി ഓഫീസറോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് കളക്ടർ നിർദ്ദേശം നൽകിയത്. ബുധനാഴ്ച രാവിലെ മണലൂരിലെ അഗതി മന്ദിരത്തിൽ കഴിയവെയാണ് തോമസ് (79) മരിച്ചത്. സംസ്കാരത്തിനായി വീട്ടിലേക്കെത്തിച്ച മൃതദേഹം മകൻ വീട് പൂട്ടി പ്പോയതിനെ തുടർന്ന് വീടിന് പുറത്തു വെച്ചാണ് ചടങ്ങുകൾ പൂർത്തിയാക്കിയത്.

Add Asianetnews as a Preferred SourcegooglePreferred

മകനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും പിതാവ് മരിച്ചതായി അറിഞ്ഞ മകൻ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഭാര്യയുമായി സ്ഥലം വിടുകയായിരുന്നു. ഏതാനും മാസം മുൻപാണ് മകനും മരുമകളും മർദ്ദിക്കുന്നതായി ആരോപിച്ചായിരുന്നു തോമസ് ഭാര്യ റോസിലിയോടൊപ്പം വീട് വിട്ട് ഇറങ്ങിയത്. ഇത് സംബന്ധിച്ച് ഇവർ അന്തിക്കാട് പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥർ എത്തി ഇവരെ മണലൂരിലെ അഗതി മന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു. മാസങ്ങളായി തോമസും റോസിലിയും മണലൂരിലെ അഗതി മന്ദിരത്തിലാണ് കഴിഞ്ഞിരുന്നത്. ഇതിനിടെ ബുധനാഴ്ച രാവിലെയാണ് തോമസ് മരിച്ചത്.

വിവരം അധികൃതർ മകനെ അറിയിക്കുകയും ചെയ്തു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വീട്ടിലെത്തിച്ചപ്പോഴാണ് മകൻ വീട് പൂട്ടിപ്പോയ വിവരം അറിയുന്നത്. ബന്ധുക്കളും അയൽവാസികളും മകനെ ബന്ധപ്പെട്ടെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയായിരുന്നു. തുടർന്ന് വീട്ട്മുറ്റത്ത് തന്നെ മൃതദേഹം കിടത്തി അന്ത്യ യാത്രാ കർമ്മങ്ങൾ നടത്തി വൈകീട്ട് എറവ് സെൻ്റ് തെരേസാസ് കപ്പൽ പള്ളിയിൽ സംസ്ക്കാരം നടത്തുകയായിരുന്നു. ഒരു മകനും ഒരു മകളുമാണ് തോമസിനുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം