തൃശ്ശൂര്‍: ഒന്നര വർഷം മുമ്പ് സ്വന്തം അച്ഛനെ കൊലപ്പെടുത്തിയത് താൻ തന്നെയെന്ന് മകന്‍റെ വെളിപ്പെടുത്തൽ. ചാലക്കുടിയില്‍ 
ബൈക്ക് മോഷണ കേസില്‍ അറസ്റ്റിലായപ്പോഴാണ് മകൻ ബാലു അച്ഛനെ മരപ്പലക കൊണ്ട് തലയ്ക്കടിച്ച് കൊന്ന വിവരം വെളിപ്പെടുത്തിയത്. അമ്മയും അച്ഛനും തമ്മിലുള്ള വഴക്കിനിടെ അച്ഛനെ മർദ്ദിക്കുകയായിരുന്നെന്ന് ആണ് ബാലുവിന്‍റെ മൊഴി.

ചാലക്കുടി കൊന്നക്കുഴിയില്‍ കൂലിപണിക്കാരനായിരുന്ന ബാബു കഴിഞ്ഞ വര്‍ഷം ജൂണിലാണ് മരിച്ചത്. മരത്തില്‍ നിന്ന് വീണ് അബോധാവസ്ഥയിലായ ബാബു മൂന്ന് മാസത്തിനുശേഷം മരിച്ചു. മരണത്തില്‍ ആര്‍ക്കും ദുരൂഹത തോന്നാത്തതിനാല്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാതെ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു. ബാബുവിന്‍റെ മൂത്ത മകൻ ബാലുവിനെ ബൈക്ക് മോഷണകേസില്‍ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെയാണ് അച്ഛനെ കൊലപ്പെടുത്തിയത് താനാണെന്ന് ബാലു പൊട്ടിക്കരഞ്ഞു കൊണ്ട് വെളിപ്പെടുത്തിയത്.

അച്ഛൻ വീട്ടില്‍ മദ്യപിച്ചെത്തി അമ്മയെ മര്‍ദ്ദിക്കുക പതിവായിരുന്നു. ഇതാണ് പകയ്ക്ക് കാരണമായതെന്ന് ബാലുവിന്‍റെ മൊഴിയില്‍ പറയുന്നു. ഒരിക്കല്‍ അമ്മയെ മര്‍ദ്ദിക്കുന്നതിനിടെ ബാലു അച്ഛന്‍റെ തലയ്ക്ക് മരപ്പലക കൊണ്ട് അടിക്കുകയായിരുന്നു. ഇക്കാര്യം അമ്മയ്ക്കും അറിയാമെന്ന് ബാലു മൊഴി നല്‍കി. ബാബുവിന്‍റെ മരണം കൊലപാതകക്കേസായാണ് ഇനി അന്വേഷിക്കുക. കൊലപാതകവിവരം മറച്ചുവെച്ചതിന് ബാലുവിന്‍റെ അമ്മയും കേസില്‍ പ്രതിയാകും.

ബാബുവിനെ ഉപദ്രവിക്കുന്നത് കണ്ട അയല്‍വാസിയുടെ സാക്ഷിമൊഴി കേസില്‍ നിര്‍ണായകമാകും. ബാബുവിന്‍റെ ആശുപത്രിയിലെ ചികിത്സാ രേഖകളും പൊലീസ് പരിശോധിച്ച് വരികയാണ്. കൊടകര, ചാലക്കുടി ഭാഗങ്ങളില്‍ നിന്ന് ബൈക്കുകള്‍ മോഷ്ടിച്ച് വില്‍ക്കലാണ് ബാലുവിന്‍റെ പണി. ഇടയ്ക്ക് കഞ്ചാവ് കച്ചവടവും ഉണ്ടെന്ന് പൊലീസ് അറിയിച്ചു.