റെഡി ഫൈവ്, ഫോർ, ത്രീ, ടു, വൺ..! സ്കൂൾ മൈതാനത്ത് റോക്കറ്റ് പറന്നുയുർന്നു; ആർപ്പുവിളികളുമായി വിദ്യാർത്ഥികൾ
കൗണ്ട് ഡൗൺ തുടങ്ങി. റെഡി... ഫൈവ്, ഫോർ, ത്രീ, ടു, വൺ. റോക്കറ്റ് ആകാശത്തേക്കുയർന്നു. ആർപ്പുവിളികളുമായി വിദ്യാർത്ഥികളും. സ്കൂൾ മൈതാനമായിരുന്നു റോക്കറ്റ് വിക്ഷേപണ കേന്ദ്രമായി മാറിയത്.

അമ്പലപ്പുഴ: കൗണ്ട് ഡൗൺ തുടങ്ങി. റെഡി... ഫൈവ്, ഫോർ, ത്രീ, ടു, വൺ. റോക്കറ്റ് ആകാശത്തേക്കുയർന്നു. ആർപ്പുവിളികളുമായി വിദ്യാർത്ഥികളും. സ്കൂൾ മൈതാനമായിരുന്നു റോക്കറ്റ് വിക്ഷേപണ കേന്ദ്രമായി മാറിയത്. അമ്പലപ്പുഴ ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ മൈതാനമാണ് ഈ അപൂർവ കാഴ്ചക്ക് വിരുന്നൊരുക്കിയത്.
സ്കൂളിലെ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ആസ്ട്രോവിൻ എന്ന പേരിൽ ഈ ബഹിരാകാശ ശാസ്ത്ര വിജ്ഞാന പരിപാടി സംഘടിപ്പിച്ചത്. വിദ്യാർത്ഥികൾക്ക് ബഹിരാകാശ ശാസ്ത്ര അറിവുകൾ നൽകുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് നിക്കോളാസ് ടെസ്ല ടെക്നോളജി എന്ന ശാസ്ത്ര സ്ഥാപനത്തിന്റെ സഹായത്താലായിരുന്നു പരിപാടി. രാവിലെ മുതൽ വിദ്യാർത്ഥികൾക്കായി വെർച്വൽ റിയാലിറ്റി സെമിനാറും നടത്തി.
നാസയുടെ ശാസ്ത്രജ്ഞർക്ക് നൽകിയ പരിശീലനം ഇവർ വെർച്വൽ റിയാലിറ്റിയിലൂടെ നേരിട്ടറിഞ്ഞു. ബഹിരാകാശത്തെ അത്ഭുതപ്പെടുത്തുന്ന നിരവധി കൗതുക കാഴ്ചകളും ഇതിലൂടെ കണ്ടു. നിക്കോളാസ് ടെസ്ല ടെക്നോളജിയിലെ തോമസ്, രശ്മി എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾക്ക് റോക്കറ്റിന്റെ വിക്ഷേപണ അറിവുകൾ പകർന്നു നൽകിയത്. ഇതിനു ശേഷം റോക്കറ്റിൻ്റെ ചെറു മാതൃകയും തയ്യാറാക്കി.
ദ്രവീകരണ ഇന്ധധനമാണ് റോക്കറ്റ് വിക്ഷേപണത്തിനായി ഉപയോഗിച്ചത്. വിശാലമായ സ്കൂൾ മൈതാനത്തിന്റെ മധ്യ ഭാഗത്താണ് വിക്ഷേപണത്തിനായി റോക്കറ്റ് തയ്യാറാക്കിയത്. സ്കൂളിലെ 1500 ഓളം വിദ്യാർത്ഥികളും ഇതിന് സാക്ഷികളായി കണ്ണു ചിമ്മാതെ കാത്തിരുന്നു. സ്കൂൾ വളപ്പിൽ നിന്നും റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചതിന്റെ ആഹ്ലാദത്തിലായിരുന്നു വിദ്യാർത്ഥികളും അധ്യാപകരും.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എം വി പ്രിയ ഉദ്ഘാടനം നിർവഹിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലൻ അധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് റീജിയണൽ ഡപ്യൂട്ടി ഡയറക്ടർ അശോക് കുമാർ വി കെ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്തംഗം പി അഞ്ജു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ശ്രീജാ രതീഷ്, ആർ ജയരാജ, പഞ്ചായത്തംഗം സുഷമാ രാജീവ്, പ്രഥമാധ്യാപിക ഫാൻ സി വി, വി എച്ച് എസ് ഇ പ്രിൻസിപ്പാൾ മേരി ഷിബ, ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ഹനീഷ്യ കെ എച്ച് എന്നിവർ പ്രസംഗിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം