സെന്‍ററിലെത്തിയ പെണ്‍കുട്ടിയെ  മോഹന്‍ സ്വരൂപ് കയറിപ്പിടിച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഇതോടെ പെണ്‍കുട്ടി അലറിവിളിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു

തിരുവനന്തപുരം: സ്പോക്കണ്‍ ഇംഗ്ലീഷ് പഠിക്കാനെത്തിയ യുവതിക്ക് നേരെ പീഡന ശ്രമം(Rape Attempt). നെടുമങ്ങാട് പത്തൊമ്പതുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്പോക്കണ്‍ ഇംഗ്ലീഷ് സ്ഥാപന(Spoken English Center) ഉടമയെ പൊലീസ് അറസ്റ്റ്(Arrest) ചെയ്തു. അരുവിക്കര കല്‍ക്കുഴി സ്വദേശി മോഹന്‍ സ്വരൂപിനെ(58) ആണ് അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 

ഒരാഴ്ച മുമ്പാണ് സംഭവം നടന്നത്. മറ്റ് വിദ്യാര്‍ത്ഥികള്‍ ഇല്ലാതിരുന്ന സമയത്ത് പഠിപ്പിക്കാന്‍ എന്ന വ്യാജേന പെണ്‍കുട്ടിയെ പ്രതി ക്ലാസിലേക്ക് വിളിച്ച് വരുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സെന്‍ററിലെത്തിയ പെണ്‍കുട്ടിയെ മോഹന്‍ സ്വരൂപ് കയറിപ്പിടിച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഇതോടെ പെണ്‍കുട്ടി അലറിവിളിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നാണ് അരുവിക്കര പൊലീസില്‍ പരാതി നല്‍കിയത്. 

പിന്നീട് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്ത് കസ്റ്റഡിയിലെടുക്കുകുയായിരുന്നു. അരുവിക്കര, മുണ്ടേല, കുളങ്ങോട് ഭാഗങ്ങളില്‍ ബ്രയിന്‍സ് അക്കാദമി എന്ന പേരില്‍ മോഹന്‍ സ്വരൂപ് ഇംഗ്ലീഷ് ട്യൂഷന്‍ സെന്‍റര്‍ നടത്തുന്നുണ്ട്. നേരത്തെ ഇയാളുടെ ഉടമസ്ഥതയിലുള്ള കാച്ചാണിയിലെ കണ്ണട കടയില്‍ വച്ച് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് നാട്ടുകാര്‍ മോഹനെ താക്കീത് നല്‍കിയിരുന്നു. ഭാര്യയും മക്കളുമുള്ള പ്രതിയെ പലതവണ സ്ത്രീകളോട് അപമര്യദയായി പെരുമാറിയതിന് നാട്ടുകാര്‍ താക്കീത് നല്‍കിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.