വേട്ടസംഘമെത്തിയതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പുള്ളിമാനിനെ വെടിവെച്ചു കൊന്നതായി കണ്ടെത്തിയത്.

സുല്‍ത്താന്‍ബത്തേരി: സംഘം ചേര്‍ന്ന് പുള്ളിമാനിനെ വേട്ടയാടുന്നതിനിടെ മധ്യവയസ്‌കനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. സൗത്ത് വയനാട് ഡിവിഷന് കീഴിലുള്ള ചെതലത്ത് റേഞ്ചിലെ ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. വാകേരി കുന്നെപറമ്പില്‍ പ്രദീപ് എന്നയാളാണ് പിടിയിലായത്. ഇയാളുടെ ഒപ്പമുണ്ടായിരുന്ന ചൂത്പാറ വല്ലനാട് അരുണ്‍ എന്നയാള്‍ ഓടിരക്ഷപ്പെട്ടു. ഇയാളുടെ ഉടമസ്ഥതയിലുള്ള വാഹനം വനം വകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വാകേരി മണ്ണുണ്ടി ഭാഗത്ത് വേട്ടസംഘമെത്തിയിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനക്കിടെയാണ് പുള്ളിമാനിനെ വെടിവെച്ചു കൊന്നതായി കണ്ടെത്തിയത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ പ്രദീപിനെ പിടികൂടിയെങ്കിലും അരുണ്‍ രക്ഷപ്പെടുകയായിരുന്നു. വേട്ട സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടായേക്കാം എന്ന നിഗമനത്തിലാണ് വനം വകുപ്പ്. എല്ലാ പ്രതികളെയും പിടികൂടാനുള്ള ഒരുക്കത്തിലാണ് ഉദ്യോഗസ്ഥര്‍.

ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ പി അബ്ദുള്‍ ഗഫൂര്‍, ഇരുളം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി വി സുന്ദരേശന്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എം എസ് സത്യന്‍, പി എസ് അജീഷ്, ജിതിന്‍ വിശ്വനാഥ്, സി ഷൈനി, സീബ റോബര്‍ട്ട്, വാച്ചര്‍മാരായ ബാലന്‍, പി ജെ ജയേഷ്, രവി എന്നിവര്‍ ചേര്‍ന്ന് പ്രതിയെ പിടികൂടിയത്.